കണ്ണൂര്‍: വീട്ടിലെ വോട്ടുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ പരാതിയുമായി യു.ഡി.എഫ്. 106 വയസായ സ്ത്രീയെ നിര്‍ബന്ധിപ്പിച്ച് വോട്ട് ചെയ്യിച്ചെന്നാണ് പരാതി. വയോധികയെ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിച്ചതിന് തെളിവായി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈവശമുണ്ടെന്ന് യു.ഡി.എഫ്. ആരോപിച്ചു.
പേരാവൂരിലെ 123-ാം നമ്പര്‍ ബൂത്തിലാണ് പരാതി. കല്യാണി എന്ന വോട്ടറെ സി.പി.എം. ബംഗ്ലകുന്ന് ബ്രാഞ്ചംഗം ഷൈമ വോട്ടുചെയ്യാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ സഹിതമാണ് യു.ഡി.എഫ്. പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നെന്നും ആക്ഷേപമുണ്ട്.
താന്‍ വീട്ടിലില്ലാത്ത സമയത്ത് സി.പി.എം. പ്രവര്‍ത്തക കല്യാണിയെ സമ്മര്‍ദത്തിലാക്കി വോട്ടുചെയ്യിച്ചെന്ന് ചെറുമകളും പരാതി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട്ചെയ്യാന്‍ സൗകര്യമൊരുക്കുന്ന വീട്ടിലെ വോട്ട് സംവിധാനത്തില്‍ കണ്ണൂരിലാകെ ക്രമക്കേടാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.