കോട്ടയം: രാഹുല്‍ ഗാന്ധി കോട്ടയത്ത് എത്തിയത് ഏതു സ്ഥാനാര്‍ഥിക്കു വേണ്ടി, രാഹുലിന്റെ കോട്ടയം സന്ദര്‍ശനത്തുടര്‍ന്നു വാദപ്രതിവാദങ്ങളുമായി എല്‍.ഡി.എഫും യു.ഡി.എഫും. തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ഇന്നലെ നടന്ന പൊതു സമ്മേളനത്തിലെ പ്രസംഗത്തില്‍ ഒരു ഭാഗത്തും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പേരു പരാമര്‍ശിക്കാതിരുന്നതാണ് എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നത്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ നിരന്തരമായ രാഷ്ട്രീയ മാറ്റം, നിലപാടില്ലായ്മ എന്നീ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധിയ്ക്കു ബോധ്യമുള്ളതിനാല്‍ ഇക്കാര്യങ്ങള്‍ പറയാതിരുന്നതെന്നാണ് എല്‍.ഡി.എഫ് വാദം.
പിന്നാലെ  കോട്ടയത്ത് രാഹുല്‍ ഗാന്ധി വോട്ടു ചോദിച്ചത് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിക്ക് വേണ്ടിയെന്നു വ്യക്തമാക്കി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി രംഗത്തെത്തി. ഇന്ത്യ മുന്നണിയുടെ അഭിവാജ്യ ഘടകമാണു കേരള കോണ്‍ഗ്രസ് (എം ). മുന്നണി രൂപീകരണം മുതല്‍ താനും തോമസ് ചാഴികാടന്‍ എം.പിയും പാര്‍ലമെന്റിലും പുറത്തും ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനത്തിനു പിന്തുണ നല്‍കി.ഇക്കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് അറിയാവുന്ന കാര്യമാണ്. അതുകൊണ്ടാണു രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. സ്ഥാനാര്‍ഥിയുടെ പേരിലല്ല, പ്രവര്‍ത്തിയിലും വിശ്വാസ്യതയിലും ആണ് കാര്യമെന്ന് രാഹുല്‍ ഗാന്ധിക്ക് അറിയാമെന്നും ജോസ് കെ.മാണി പറഞ്ഞു.
എന്നാല്‍, ജോസ് കെ. മാണിയുടെ പ്രസ്ഥാവനയ്ക്കു പിന്നാലെ പ്രതിരോധവുമായി യു.ഡി.എഫ്. നേതാക്കളും രംഗത്തെത്തി. രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിരൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധി കോട്ടയത്ത് എത്തിയത് ഇടതു സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിക്കാനാണെന്ന  ജോസ് കെ. മാണിയുടെ പരാമര്‍ശം ഇടതുമുന്നണിയിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നിതിനു തെളിവാണെന്നു യു.ഡി.എഫ്. നേതാക്കള്‍ ആരോപിച്ചു.
പിണറായി വിജയന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ഥിച്ചാല്‍ തിരിച്ചടിയാകുമെന്നു വ്യതമായതോടെയാണു രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഇടതുമുന്നണിയിൽ ഘടക കക്ഷി നേതാവ് വോട്ട് അഭ്യര്‍ഥിക്കുന്നതെന്നു യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ പറഞ്ഞു.
കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണു മത്സരം. യു.ഡി.എഫ്. സ്ഥനാര്‍ഥിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുന്നതിനാണു രാഹുല്‍ കോട്ടയത്ത് എത്തിയത്. ഇതിനിടെ രാഹുല്‍ തങ്ങള്‍ക്കു വേണ്ടിയാണു കോട്ടയത്ത് എത്തിയതെന്നു ജോസ് കെ. മാണി പറഞ്ഞതോടെ കേരള കോണ്‍ഗ്രസ് (എം) ഏത് മുന്നണിയിലാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. മോന്‍സ് ജോസഫ് എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, യു.ഡി.എഫ്. കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് എന്നിവരും തിരുവഞ്ചൂരിനൊപ്പമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed