35 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കുന്നതിനിടെ 65കാരന് ശ്വാസ തടസ്സം, അഗ്നിശമനസേന രക്ഷപ്പെടുത്തി

ചാരുംമൂട്: കിണർ വൃത്തിയാക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട് കിണറ്റിനുള്ളിൽ അകപ്പെട്ടയാളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. താമരക്കുളം സ്വദേശി വിശാഖിന്റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിറങ്ങിയ തെങ്ങമം കണ്ണമത്തുവിളയിൽ വീട്ടിൽ വിജയൻപിള്ള (65)യാണ് കിണറ്റിൽ കുടുങ്ങിയത്. 35 അടിയിലധികം താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി വൃത്തിയാക്കുന്ന ജോലികൾ തുടങ്ങിയതിനിടെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഇദ്ദേഹം കിണറ്റിനുള്ളിൽ അകപ്പെടുകയായിരുന്നു. കിണറ്റിൽ നിന്നും രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

Read More… പഴയ വരട്ടാറിൽ വീണ്ടും കയ്യേറ്റം; തോടിന് കുറുകെ വഴിനിർമ്മിക്കാൻ ശ്രമം, സ്റ്റോപ്പ് മെമ്മോ നൽകി

വിവരം അറിയിച്ചതിനെ തുടർന്ന് കായംകുളത്തു നിന്നും സ്റ്റേഷൻ ഓഫീസർ ജെബിൻ ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മണിയൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ വിപിൻ, വിശാഖ് എന്നിവർ കിണറ്റിലിറങ്ങുകയും മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ ഇദ്ദേഹത്തെ പുറത്തെടുക്കുകയുമായിരുന്നു. ഉടൻ തന്നെ സേനയുടെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിലേക്ക് മാറ്റുകയും ചെയ്തു. 
 

By admin