തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് തിരുവനന്തപുരം സിജെഎം കോടതിക്ക് മുൻപാകെ ഹാജരായേക്കും. ജെസ്‌നയുടെ പിതാവ് ജെയിംസ് ഉന്നയിച്ച ആരോപണങ്ങളിൽ വിശദീകരണം തേടാനാണ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനോട്‌ നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്.

ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നാണ് കഴിഞ്ഞ ദിവസം ജെയിംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരം തന്റെ കൈയിലുണ്ടെന്നും ജെയിംസ് കോടതിയെ അറിയിച്ചിരുന്നു. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ച് താൻ വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ല. സുഹൃത്ത് അറിയാതെ രഹസ്യ സ്വഭാവത്തോടെ സിബിഐ അന്വേഷിക്കാൻ തയ്യാറായാൽ വിവരം നൽകാമെന്നും ജെയിംസ് സത്യവാങ്മൂലത്തിൽ അറിയിച്ചു.

ജെസ്‌ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്നും പിതാവ് അവകാശപ്പെട്ടു. ഒപ്പം ജെസ്‌നയെ കാണാതായത് ഒരു വ്യാഴാഴ്ചയാണെന്നും ജെയിംസ് ചൂണ്ടിക്കാട്ടി. ഇതിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തിയില്ല എന്നും ജെയിംസ് ആരോപിച്ചിരുന്നു.

മകള്‍ ജീവിച്ചിരിപ്പില്ല എന്നുറപ്പുണ്ട്. ഇക്കാര്യം സിബിഐയോട് സൂചിപ്പിക്കാന്‍ അവസരം കിട്ടിയില്ല. ലൗ ജിഹാദ് ഉള്‍പ്പെടെ കഥകള്‍ ചിലര്‍ മെനഞ്ഞു. ബംഗളുരു, ചെന്നൈ, എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും കണ്ടുവെന്നും പ്രചരണമുണ്ടായി. ജെസ്‌ന ജീവിച്ചിരിക്കുകയാണെങ്കില്‍ തന്നെ വിളിക്കുമായിരുന്നു. ഏത് സാഹചര്യത്തിലാണെങ്കിലും തന്നെ ബന്ധപ്പെട്ടേനെ. മകളുടെ തിരോധാനത്തില്‍ മറ്റൊരാളെ സംശയിക്കുന്നു. വിവരങ്ങള്‍ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. പൂര്‍ണ്ണ വിവരങ്ങള്‍ സാഹചര്യം എത്തുമ്പോള്‍ കോടതിക്ക് നല്‍കുമെന്നുമായിരുന്നു ജെയിംസ് ഉന്നയിച്ച ആരോപണങ്ങളിൽ പറയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *