ആലപ്പുഴ: കേരളം കട്ടു മുടിച്ച പിണറായി വിജയനും മകളും അറസ്റ്റ് ഭയന്ന് മോദിക്ക് വേണ്ടി പണി എടുക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പിണറായിക്കും മകള്‍ക്കും എതിരെ ഇഡിയോ ആദായനികുതി വകുപ്പോ അന്വേഷണം നടത്തുന്നില്ല. ഇത് ഇവര്‍ തമ്മിലുള്ള അന്തഃര്‍ധാരയുടെ ഭാഗമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. 
യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഓച്ചിറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാനയെ ചന്ദ്രശേഖര്‍ റാവുവും മക്കളും എങ്ങനെ കട്ടുമുടിച്ചോ അതുപോലെയാണ് പിണറായിയും മകളും കേരളം കട്ടുമുടിക്കുന്നത്. അറസ്റ്റ് ഭയന്ന് ബിജെപിയുടെ വര്‍ക്കിംഗ് പ്രസിഡന്റിനെ പോലെയാണ് പിണറായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ഗാന്ധിയെ നിരന്തരം വിമര്‍ശിക്കുന്ന പിണറായി വിജയന്‍ നരേന്ദ്രമോദിയെ വിമര്‍ശിക്കുവാന്‍ ഭയപ്പെടുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പടെ പിണറായിയെയും കുടുംബത്തെയും രക്ഷിച്ചത് മോദിയാണ്. യുഡിഎഫിനെ പരാജയപ്പെടുത്തുവാന്‍ നരേന്ദ്രമോദിക്ക് വേണ്ടി പണി എടുക്കുകയാണ് ഇപ്പോള്‍ കേരള മുഖ്യമന്ത്രി എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. 
കേരളത്തില്‍ 20 സീറ്റുകളും യുഡിഎഫ് നേടും. രാഹുല്‍ ഗാന്ധി ഇന്ത്യമുന്നണിയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കൂടെ കേന്ദ്രമന്ത്രിയായി ആലപ്പുഴയില്‍ നിന്നുള്ള കെ.സി വേണുഗോപാലും ഉണ്ടാകും. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും തകര്‍ക്കുന്ന തരത്തിലുള്ള നയങ്ങളുമായാണ് മോദിയും അമിത്ഷായും വോട്ട് തേടുന്നത്. ഇത് രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ശക്തമായ ഭരണവിരുദ്ധ വികാരം കേന്ദ്രത്തിലും ഇവിടെ കേരളത്തിലും ഉണ്ടാകും. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *