കോട്ടയം: കൈയില്‍ കാരിമീന്‍ കൊമ്പ് തറച്ചതിനെ തുടര്‍ന്നു മീനെയും കൈക്കുള്ളിലാക്കി ആശുപത്രിയിലെത്തിച്ച് വീട്ടമ്മ. തുണികൊണ്ടു മറച്ച കൈയില്‍ ചുരുണ്ടിരിക്കുന്നത് പാമ്പാണെന്നു ഭയന്നു ഡോക്ടര്‍.
കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലാണു ഡോക്ടറുടെ പേടി ചുറ്റുമുണ്ടായിരുന്നവരില്‍ ആദ്യം ആശങ്കയും പിന്നീട് ചിരി പടര്‍ത്തിയതും. തിരുവാര്‍പ്പ് സ്വദേശി വത്സമ്മയാണു കൈയില്‍ കാരിക്കൊമ്പു തറച്ചതിനെ തുടര്‍ന്നു ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിയത്.
ഇന്നു രാവിലെ 6.30ന് പാചകം ചെയ്യാനായി ഫ്രിഡ്ജില്‍ നിന്ന് എടുക്കുമ്പോഴാണു മീനിന്റെ കൊമ്പ് വത്സമ്മയുടെ കയ്യില്‍ തറച്ചത്. തുടര്‍ന്നു മീനുമായി ജില്ലാ ജനറല്‍ ആശുപത്രിയിലെത്തുകയായിരുന്നു.
കയ്യില്‍ തറച്ച മീനിന്റെ കൊമ്പിനൊപ്പം മീനിനേയും ചുരുട്ടിപ്പിടിച്ച ശേഷം കൈ തുണിയിട്ട് മറച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍, ആശുപത്രിയിലെത്തിയ ഇവര്‍ ഡോക്ടര്‍ എത്തിയപ്പോള്‍ കൈയിലെ തുണി നീക്കിയതോടെ ഡോക്ടര്‍ പാമ്പെന്നു കരുതി പേടിക്കുകയായിരുന്നു.
അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പാര്‍വതിയാണു മീനിനെ പാമ്പെന്നു തെറ്റിദ്ധരിച്ചത്. എന്നാല്‍, പാമ്പല്ല മീനാണെന്നു മനസിലായ ശേഷമാണു ഡോക്ടറിനും ആശ്വസമായത്. തുടര്‍ന്നു മീനിനെ കയ്യില്‍ നിന്നും നീക്കം ചെയ്ത ശേഷം ഡോക്ടര്‍ തന്നെ വത്സമ്മയുടെ കയ്യില്‍ നിന്നും മുള്ള് നീക്കം ചെയ്തു.