മസ്കത്ത്: മഴക്കെടുതി നേരിടുന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മതിയായ സംരക്ഷണം നൽകണമെന്ന് കമ്പനി ഉടമകളോട് ആവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയം. കാലാവസ്ഥ പ്രശ്നമുണ്ടാവുമ്പോൾ ജോലി ചെയ്യരുതെന്നും വളരെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുമാറി നിൽക്കണമെന്നടക്കമുള്ള നിരവധി നിർദേശങ്ങൾ മന്ത്രാലയം കമ്പനി ഉടമകൾക്കു നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തിൽ ചില വീടുകളിൽ വൈദ്യുതി നിലച്ചിരുന്നു. കലാവസ്ഥാ മുന്നറിയിപ്പുകൾ ജോലിക്കാരിലെത്തിക്കണമെന്നും ജീവനക്കാർക്ക് ആവശ്യമായ ഉപകരണങ്ങളും മറ്റും നൽകുകയും വേണം. ജീവനക്കാരെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറ്റുകയും കെട്ടിടങ്ങളിൽ തന്നെ തങ്ങാൻ പറയുകയും അത്യാവശ്യമല്ലെങ്കിൽ വാഹനങ്ങൾ ഓടിക്കുകയും ചെയ്യരുതെന്ന് നിർദേശം നൽകണം.
അതേസമയം, ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പ്രതികൂല കാലവസ്ഥ മൂലമുണ്ടാവുന്ന പ്രയാസങ്ങൾ നേരിടാൻ സജ്ജമാണെന്ന് പൊതു ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. പ്രളയ ബാധിത മേഖകളിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നുണ്ടെന്ന് എമർജൻസി മാനേജ്മെന്റ് ദേശീയ കമ്മറ്റി കോഡിനേറ്റർ മുഹമ്മദ് ബിൻ സൈഫ് അൽ ബുസാഫി പറഞ്ഞു.
പ്രളയ ബാധിത മേഖലകളിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് പകരം വൈദ്യുതിയെത്തിക്കും. പൗരന്മാർക്കും താമസക്കാർക്കും ആവശ്യമായ സേവനങ്ങളെത്തിക്കുകയും അധിക ജീവനക്കാരെ അയക്കുകയുമാണ് പ്രധാന ലക്ഷ്യം. ഇത്തരം മേഖലകളിൽ മരുന്നുകളും പ്രാഥമിക സൗകര്യങ്ങളുമെത്തിക്കും.
സമീപ മേഖലകളിൽ ആളുകൾ കുടുങ്ങി കിടന്നതിലും കാണാതായതിനാൽ ഇബ്ര ആശുപത്രിയിൽ കൂടുതൽ സൗകര്യം ഒരുക്കും. അവശ്യ ഘട്ടത്തിൽ റോയൽ ഒമാൻ പൊലീസുമായും എയർഫോഴ്സുമായും സഹകരിച്ച് ആവശ്യമായ നടപടികൾ എടുക്കുമെന്നും അൽ ബീസാഫി പറഞ്ഞു.
തിങ്കളാഴ്ച വടക്കൻ ശർഖിയ്യയിലെ ആരോഗ്യ കേന്ദ്രങ്ങൾ നിരവധി അത്യാഹിതങ്ങൾ കൈകാര്യം ചെയ്തിരുന്നു. 13 മരണങ്ങളും ഇതിൽ ഉൾപ്പെടും. പ്രതികൂല കാലാവസ്ഥ നിമിത്തം പ്രവസ തടസ്സം നേരിട്ട യുവതിയെ ജഅ്ലാൻ ബനീ ബൂഹസൻ ആശുപത്രിൽനിന്ന് സൂർ ആശുപത്രിയിലേക്ക് ഹെലികോപ്റ്റലിലേക്ക് മാറ്റി. വാദീ ഹത്തിൽനിന്ന് നാല് അടിയന്തിര കേസുകൾ റുസ്താഖ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
മുൻ കരുതലിന്റെ ഭാഗമായി പ്രളയ മേഖലയിലെ ചില ആശുപത്രികൾ അധികൃതർ അടച്ചിട്ടുണ്ട്. മസ്കകത്ത് ഗവർണറേറിലെ അൽ റഹ്മ ഹോസ്പിറ്റൽ, വടക്കൻ ശർഖിയ്യയിലെ അൽ ഉയൂൻ ഹെൽത്ത് സെന്റർ, വാദി നാം ഹെൽത്ത് സെന്റർ ദാഖിലിയ്യയിയെ അൽ ബഷാഇർ ഹെൽത്ത് സെന്റർ എന്നിവയാണ് ഇവ.