ലണ്ടൻ: ബ്രിട്ടിനിലെ രാജകീയ ജീവിതം ഉപേക്ഷിച്ചതിന് ശേഷവും പൊലീസ് സുരക്ഷയ്ക്കായി ഹോം ഓഫിസിനെതിരെ ഹാരി രാജകുമാരന് ഹൈക്കോടതിയില്‍ നല്കിയ കേസിൽ തിരിച്ചടി. സ്വന്തം നിയമ ചെലവുകളും കോടതി ചെലവുകള്‍ ഉൾപ്പടെ ഏകദേശം ഒരു മില്യൻ പൗണ്ട് ഹാരി അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ നഷ്ടം ഉണ്ടായതിനാൽ നഷ്ടപരിഹാര തുക പകുതിയായി കുറയ്ക്കണമെന്ന ഹാരിയുടെ അപേക്ഷ കോടതി നിരാകരിച്ചു. കൂടാതെ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനും അനുവാദം നല്‍കിയില്ല. അതേസമയം ഹോം ഓഫിസിനെതിരെ കേസ് തുടരാന്‍ താല്പര്യമുണ്ടെങ്കില് കോര്‍ട്ട് ഓഫ് അപ്പീലിനെ സമീപിക്കാന്‍ രാജകുമാരന് സാധിക്കും ഹോം ഓഫിസിനെതിരെ രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തില്‍ ഇപ്പോഴുണ്ടായ വിധിയെഴുത്ത് രാജകുമാരന് കനത്ത തിരിച്ചടിയാണ്. 2020 ജനുവരിയില്‍ ഹാരിയും മെഗാനും രാജകീയ ജീവിതം ഉപേക്ഷിച്ച ശേഷം സുരക്ഷ കുറച്ചതിന് എതിരെയാണ് ഹാരി കോടതിയെ സമീപിച്ചത്. 1997ല്‍ ഡയാന രാജകുമാരിയുടെ മരണത്തിന് സമാനമായ അപകടങ്ങള്‍ തങ്ങളെയും കാത്തിരിക്കുന്നുവെന്നാണ് ഹാരി ചൂണ്ടിക്കാണിച്ചത്.
കേസില്‍ തങ്ങളുടെ ഭാഗം അറിയിക്കാന്‍ ഹോം ഓഫിസ് 500,000 പൗണ്ട് പൊതുപണമാണ് ചെലവാക്കിയത്. കേസ് തോറ്റതോടെ ചെലവുകളുടെ പകുതി മാത്രം നല്‍കാനാണ് തനിക്ക് ബാധ്യതയെന്ന് ഹാരിയുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ തുക കുറച്ച് നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വിധിച്ചു.