ന്യൂയോർക്ക് : ഇറാനെതിരെ പ്രത്യാക്രമണം നടത്തുന്നതിനെ യുഎസ് എതിർക്കുന്നുവെന്നു പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് വ്യക്തമാക്കി. ഇറാനെ ഇസ്രയേൽ ആക്രമിച്ചാൽ ആ യുദ്ധത്തിൽ യുഎസ് പങ്കാളിയാവില്ല എന്നും ബൈഡൻ നെതന്യാഹുവിനെ അറിയിച്ചതായി യുഎസ്-ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച ഇറാൻ ഇസ്രയേലിനു നേരെ നിരവധി മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ച ശേഷം ഇരു നേതാക്കളും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിലാണ് ബൈഡൻ ഈ നയം സൂചിപ്പിച്ചത്. അതേ സമയം, ഇസ്രയേലിന്റെ പ്രതിരോധത്തിനു യുഎസ് ഉറച്ചു നിൽക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
“നിങ്ങൾ വിജയിച്ചു,” ഇറാന്റെ ആക്രമണം തകർത്തതിൽ ഇസ്രയേലിനെ അഭിനന്ദിച്ചു ബൈഡൻ പറഞ്ഞു. “വിജയം ആഘോഷിക്കുക.” ഇറാൻ വിക്ഷേപിച്ച 99% മിസൈലുകളും ഡ്രോണുകളും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.
യുഎസ് നിലപാട് താൻ മനസിലാക്കുന്നുവെന്നു നെതന്യാഹു മറുപടി പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ചു ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ നടത്തുന്ന നീക്കങ്ങൾ യുഎസിനെ അറിയിക്കണമെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അവരുടെ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിനോടു പറഞ്ഞു.
അതേ സമയം, ഇറാനുമായുള്ള ഏറ്റുമുട്ടൽ അവസാനിച്ചിട്ടില്ലെന്നു യോവ് ഗാലാന്റ് ഞായറാഴ്ച പറഞ്ഞു. ഇറാന്റെ പ്രത്യാക്രമണം അവസാനിച്ചെന്ന് അവരുടെ യുഎൻ കാര്യാലയം പറഞ്ഞിരുന്നു.
തിരിച്ചടിക്കാൻ നയതന്ത്രം
ഇറാന്റെ മേൽ ഉപരോധം ഏർപെടുത്താറുള്ള യുഎസ് ആ വഴിക്കാണ് നീങ്ങുന്നതെന്നു ബൈഡൻ വ്യക്തമാക്കി. ഇറാനെതിരെ നയതന്ത്ര നടപടികൾ ചർച്ച ചെയ്യാൻ ജി7 നേതാക്കളെ വിളിച്ചു കൂട്ടുമെന്നു ബൈഡൻ പറഞ്ഞു. ഇറാനോടൊപ്പം യെമെൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നും ആക്രമണം ഉണ്ടായി എന്നാണ് അദ്ദേഹം പറയുന്നത്. ആക്രമണം നടത്തിയ ഹിസ്ബൊള്ള നിലയുറപ്പിച്ചിട്ടുള്ള ലെബനനെ അദ്ദേഹം പരാമർശിച്ചില്ല.
യുഎസ് നയം ബൈഡനു തിരഞ്ഞെടുപ്പു വർഷത്തിൽ വലിയ വെല്ലുവിളിയാണെന്നു നിരീക്ഷകർ പറയുന്നു. ഇറാന്റെ ആക്രമണം കൊണ്ടുണ്ടായ കേടുപാടുകൾ മുഴുവൻ വിലയിരുത്തിയിട്ടില്ല. ഇസ്രയേലി നേതൃത്വത്തിന്റെ സമീപനം അളക്കുക എളുപ്പവുമല്ല. എന്നാൽ യുദ്ധവ്യാപനം തടയണം എന്നതു തന്നെയാണ് യുഎസ് നിലപാട്.
യുഎൻ സെക്യൂരിറ്റി കൗൺസിൽ ഞായറാഴ്ച കൂടുന്നുണ്ട്. ഇറാന്റെ ആക്രമണത്തെ സെക്രട്ടറി ജനറൽ അന്തോണിയോ ഗട്ടറസ് നിശിതമായി വിമർശിച്ചു.