ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ മത്സരിക്കും. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലാണ് കനയ്യയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. ബിജെപിയുടെ മനോജ് തിവാരിയാണ് എതിര് സ്ഥാനാര്‍ത്ഥി.
ഇത് രണ്ടാം തവണയാണ് കനയ്യ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കഴിഞ്ഞ തവണ സിപിഐ സ്ഥാനാര്‍ത്ഥിയായി ബിഹാറിലെ ബെഗുസരായിയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണയും ബെഗുസരായിയില്‍ കനയ്യയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും സിപിഐയ്ക്ക് തന്നെയാണ് സീറ്റ് വീണ്ടും ലഭിച്ചത്.
ചാന്ദ്നി ചൗക്കില്‍ മുതിര്‍ന്ന നേതാവ് ജയ്പ്രകാശ് അഗര്‍വാളിന് കോണ്‍ഗ്രസ് സീറ്റ് നല്കി. 1984, 1989, 1996 വർഷങ്ങളിൽ അദ്ദേഹം ഈ സീറ്റിൽ നിന്ന് വിജയിച്ചിരുന്നു. സംവരണ മണ്ഡലമായ നോർത്ത് വെസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉദിത് രാജ് ജനവിധി തേടും.
ഡൽഹിക്ക് പുറമെ പഞ്ചാബിലെ ആറ് സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെയാണ് പാർട്ടി ജലന്ധറിൽ നിന്ന് മത്സരിപ്പിക്കുന്നത്. ഗുർജീത് സിംഗ് ഔജ്ല (അമൃത്സർ), അമർ സിംഗ് (ഫത്തേഗഡ് സാഹിബ്), ജീത് മൊഹീന്ദർ സിംഗ് സിദ്ധു (ബട്ടിൻഡ), സുഖ്പാൽ സിംഗ് ഖൈറ (സംഗ്രൂർ), ധരംവീർ ഗാന്ധി (പാട്യാല) എന്നിവരാണ് പഞ്ചാബിലെ മറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.