ഡല്‍ഹി: ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എഎപി ഗ്യാരണ്ടി കാര്‍ഡ് ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന്(ഓഗസ്റ്റ് 19) പുറത്തിറക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗ്യാരണ്ടി കാര്‍ഡ് പുറത്തിറക്കുന്നത്. സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കുള്ള ഒമ്പത് വാഗ്ദാനങ്ങളാണ് ഗാരന്റി കാര്‍ഡില്‍ ഉള്‍പ്പെടുന്നതെന്ന് വൃത്തങ്ങള്‍ പറയുന്നു. സംസ്ഥാനം സന്ദര്‍ശിക്കുന്ന കെജ്രിവാളിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പരിപാടിയില്‍ പങ്കെടുക്കും.
അതേസമയം കര്‍ഷകര്‍ക്കും ആദിവാസി സമൂഹങ്ങള്‍ക്കുമുള്ള രണ്ട് പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് എഎപിയിലെ ഉന്നത വൃത്തങ്ങളും സ്ഥിരീകരിച്ചു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കെജ്രിവാള്‍ ഛത്തീസ്ഗഢ് സന്ദര്‍ശനം നടത്തുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എഎപി ശക്തമായ ശ്രമം നടത്തുന്നുണ്ട്. ഈ വര്‍ഷം മാര്‍ച്ച്, മെയ് മാസങ്ങളില്‍ കെജ്രിവാള്‍ നേരത്തെ സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി 85 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒന്നിലും വിജയിക്കാനായില്ല. എന്നാല്‍ പിന്നീട് എഎപി സംസ്ഥാനത്ത് കാര്യമായ മുന്നേറ്റം നടത്തി. എന്നാല്‍ ഇപ്പോള്‍ ഭരണപക്ഷ പാര്‍ട്ടിയുടെ മുഖ്യ എതിരാളിയാണ് എഎപി.