‘സുരക്ഷിതനാണ്’: വീട്ടുകാരെ വിളിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ധനേഷ്

ദില്ലി: ഇറാന്‍ പിടികൂടിയ ഇസ്രയേല്‍ ബന്ധമുളള ചരക്ക് കപ്പലിലെ മലയാളികളടക്കമുളള ജീവനക്കാര്‍ സുരക്ഷിതരെന്ന ് വിവരം. കപ്പലിലുളള വയനാട് സ്വദേശി ധനേഷ് ബന്ധുക്കളെ വിളിച്ച് താന്‍ സുരക്ഷിതനെന്ന് അറിയിച്ചു. പാലക്കാട് സ്വദേശിയായ സുമേഷിന്‍റെ കുടുംബത്തെ വിളിച്ച കപ്പല്‍ കന്പനി അധികൃതരും ആശങ്ക വേണ്ടെന്നറിയിച്ചു. ചരക്ക് കപ്പലായതിനാല്‍ തന്നെ ജീവനക്കാരോട് ഇറാന്‍ ശത്രുത കാട്ടില്ലെന്നാണ് പ്രതീക്ഷയെന്ന് കോഴിക്കോട് സ്വദേശി ശ്യാംനാഥിന്‍റെ കുടുംബം പറഞ്ഞു.

ഇസ്രയേല്‍ പൗരനായ ഇയാള്‍ ഓഫറിന്‍റെ ഉടമസ്ഥതയിലുളളതും ഇറ്റാലിയന്‍ സ്വിസ് കന്പനിയായ എംഎസ്‍സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതുമായ ചരക്ക് കപ്പല്‍ ഇറാന്‍ സേന പിടികൂടിയ വിവരം ഇന്നലെ ഉച്ചയോടെയായിരുന്നു കുടുംബാംഗങ്ങളെ കപ്പല്‍ കന്പനി അധികൃതര്‍ അറിയിച്ചത്.

കപ്പലിലെ സെക്കന്‍ഡ് എന്‍ജിനീയര്‍ കോഴിക്കോട് വെളളിപറന്പ് സ്വദേശി ശ്യാംനാഥ്, സെക്കന്‍ഡ് ഓഫീസര്‍ വയനാട് സ്വദശി ധനേഷ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലില്‍ ഉണ്ടായിരുന്ന മലയാളികള്‍. ഇവര്‍ക്കൊപ്പം തൃശൂര്‍ സ്വദേശിയായ യുവതിയും കപ്പലിലെ ജീവനക്കാരിയായി ഉണ്ടായിരുന്നതായി വിവരമുണ്ട്. വിഷുവിന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു ശ്യാംനാഥ്. പകരം ജോലിക്ക് കയറേണ്ട ആള്‍ വൈകിയതിനാലാണ് യാത്ര മാറ്റേണ്ടി വന്നത്. 

ഇന്ന് ഉച്ചതിരിഞ്ഞാണ് വയനാട് സ്വദേശി ധനഷ് ഇന്‍റര്‍നെറ്റ് കോള്‍ ചെയ്ത് താന്‍ സുരക്ഷിതനെന്ന് അറിയിച്ചത്. എവിടെ നിന്നാണ് വിളിക്കുന്നതന്ന് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. പാലക്കാട് സ്വദേശി സുമേഷിന്‍റെ കുടുംബവുമായി സംസാരിച്ച കന്പനി അധികൃതരും ജീവനക്കാര്‍ സുരക്ഷിതരെന്ന വിവരമാണ് നല്‍കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

By admin