വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ ആവേശപ്പെരുമഴ തീര്‍ക്കുകയാണെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ നിവിന്‍ പോളിയായിരുന്നു പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടിയത്. സെക്കന്‍ഡ് ഹാഫിലെ നിവിന്റെ എന്‍ട്രി മുതല്‍ അങ്ങോട്ട് ഓരോ സീനിലും ചിരിയുടെ മാലപ്പടക്കമായിരുന്നു. ധ്യാന്‍, പ്രണവ് കോമ്പോയോടൊപ്പം നിവിന്‍ കൂടി എത്തിയപ്പോള്‍ തിയേറ്റര്‍ ചിരിയുടെ പൂരപ്പറമ്പായി.
എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലാണ് നിവിന്റെ കഥാപാത്രം വാര്‍ത്തെടുത്തിരിക്കുന്നത്. വിഷു പ്രമാണിച്ചെത്തിയ ചിത്രം മലയാളികള്‍ക്ക് ചിരിയുടെ വിഷു സമ്മാനിച്ചുവെന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം. ഒരിടവേളയ്ക്ക് ശേഷം നിവിന്‍ തിരിച്ചെത്തിയെന്നാണ് ആരാധകര്‍ പറയുന്നത്. നിവിനെ സിനിമയില്‍ കൊണ്ടുവന്ന വിനീതിന് വീണു പോയപ്പോള്‍ കൈ പിടിച്ച് ഉയര്‍ത്താനും അറിയാമെന്നും പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. അത്രയ്ക്കും ഗംഭീര പ്രകടനമാണ് നിവിന്‍ ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. സെക്കന്‍ഡ് ഹാഫിലെ താരം നിവിന്‍ തന്നെയെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്ന ഉഗ്രന്‍ പ്രകടനം.
സോഷ്യൻ മീഡിയയിൽ ഒട്ടേറെയാളുകൾ നിവിനെ അഭിനന്ദിച്ച് രംഗത്തു വന്നു. നിവിൻ അവതരിച്ച കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് വർഷങ്ങൾക്ക് ശേഷത്തിലേതെന്ന് ഒട്ടേറെയാളുകൾ അഭിപ്രായപ്പെട്ടു.
നാടും വീടും ഒക്കെയുപേക്ഷിച്ച് സിനിമയെന്ന മോഹത്തിലേയ്ക്ക് സഞ്ചരിക്കുന്ന മുരളി, വേണു എന്ന യുവാക്കളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ധ്യാനും പ്രണവുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. നര്‍മത്തിന് മാത്രമല്ല, വൈകാരിക രംഗങ്ങള്‍ക്കും വിനീത് ശ്രീനിവാസന്‍ ഇടം നല്‍കിയിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തില്‍ പ്രണയത്തിനും നിര്‍ണായകമായ സ്ഥാനമുണ്ട്.
നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. വിശ്വജിത്ത് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ഹൃദയം’ നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിനീത് ശ്രീനിവാസനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.