കുറേ സാഹിത്യപഞ്ചാനൻമാരും, സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും, പുരോഗമന വിപ്ലവ നവോത്ഥാനക്കാരും, ശാസ്ത്ര അവബോധ സുവിശേഷകരും  സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞാടുകയാണ്. ഇവരുടേതായ മഹദ്‌വചനങ്ങളും തള്ളിമറിക്കലുകളും വായിച്ചു പലർക്കും കോൾമയിർ ഉണ്ടായിക്കാണണം.
“ശാസ്ത്രബോധം വളർത്തണം, അന്ധവിശ്വാസങ്ങൾ ഇല്ലാതാ കണം, പുരോഗമന വിശ്വാസം തലമുറകൾക്ക് പകർന്നുനൽകണം, ജാതിമത ചിന്തകൾക്കതീതമായ ഒരു സമൂഹം പടുത്തുയർത്തണം “ഇങ്ങനെ പോകുന്നു ആ തള്ളിമറിക്കലുകൾ..  
ഇക്കൂട്ടരോട് വളരെ സിംപിളായി ഞാൻ ചോദിക്കാനാ ഗ്രഹിക്കുന്നു……….
1. നിങ്ങൾ പൂർണമായും ജാതിമത ചിന്തകൾ ഉപേക്ഷിച്ച വ്യക്തിയാണോ ?
2. നിങ്ങൾ സ്വജാതിയിൽ നിന്നോ അല്ലെങ്കിൽ സ്വന്തം മതത്തിൽ നിന്നോ ആണോ ജീവിത പങ്കാളിയെ തെരഞ്ഞെടുത്തിരിക്കുന്നത് ?
3. നിങ്ങളുടെ വിവാഹം മതപരമായ ചടങ്ങുകളോടെയാണോ നടത്തപ്പെട്ടത് ?
4. നിങ്ങൾ ആരാധനാലയങ്ങളിൽ പോകുകയോ, മതപരമായ കർമ്മങ്ങൾ അനുഷ്ഠിക്കുകയോ ചെയ്യാറുണ്ടോ?
5. നിങ്ങൾ മക്കളെ സ്‌കൂളിൽ ചേർത്തപ്പോൾ മതം, ജാതി ഇവ രേഖപ്പെടുത്തിയിരുന്നോ ?
6. മക്കളുടെ വിവാഹം സ്വജാതിയിലോ  / സ്വന്തം മതത്തിലോ ഉള്ള വ്യക്തിയുമായാണോ നടത്തപ്പെട്ടത് ? 7. മക്കളുടെ വിവാഹം മതപരമായ ചടങ്ങുകളോടെയാണോ നടത്തിയിട്ടുള്ളത് ?
8. നിങ്ങളുടെ മരണശേഷം മതപരമായ ചടങ്ങുകൾ നടത്തരുതെന്ന് കുടുംബത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടോ ?
ശാസ്ത്രത്തിൽ മാത്രം വിശ്വസിക്കുന്നു, അതനുസരിച്ചുമാത്രം ജീവിക്കുന്നു മറ്റെല്ലാം അന്ധവിശ്വാസങ്ങളാണ് എന്ന് വലിയ വായിൽ സമൂഹമാദ്ധ്യമങ്ങളിലും സദസ്സുകളിലും വന്ന് വീമ്പു മുഴക്കുന്നവർ മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ ബാദ്ധ്യസ്ഥരാണ്. മറുപടി മാത്രമല്ല രേഖാ മൂലമുള്ള വിശദീകരമാണ്‌ വേണ്ടത്..
എന്തേ കഴിയില്ലേ ?
അതിനു കഴിയാത്തവർ തങ്ങളുടെ ഈ പൊയ്‌മുഖാവരണം ഉടനടി അഴിച്ചുവയ്ക്കണം. മറ്റുള്ളവരെ ഉദ്ധരിക്കാനെന്ന തരത്തിലുള്ള ഈ പുകമറ സൃഷ്ടിക്കൽ അവസാനിപ്പിക്കണം.
മതവിശ്വാസവും ശാസ്ത്രവും രണ്ടും രണ്ടാണ്. മതവിശ്വാസം മൂലം ശാസ്ത്രപുരോഗതിക്ക് ഒരു തടസ്സവുമുണ്ടായിട്ടില്ല. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ വികസിത രാജ്യങ്ങളിലെ ഭരണകർത്താക്കൾവരെ തങ്ങളുടെ മതഗ്രന്ഥത്തിൽ തൊട്ടുകൊണ്ടാണ് സത്യപ്രതിജ്ഞ ചെയ്യാറുള്ളത്. അവിടെയെല്ലാം ശാസ്ത്രചിന്തകൾ ഇല്ലാതായിപ്പോയോ ? നമ്മെക്കാൾ എത്രയോ കാതം അവർ മുന്നിലാണ് ..
മതത്തിലും ദൈവത്തിലുമൊക്കെ വിശ്വസിക്കുന്നത് വ്യക്തികളുടെ സ്വാതന്ത്ര്യവും അവകാശവുമാണ്. അവരെ സംബന്ധിച്ചിടത്തോളം ദൈവസങ്കല്പം വലിയ ആത്മബലവും ആശ്വാസവും വിശ്വാസവുമാണ്.
ആരുടെയും ദൈവവിശ്വാസത്തെ വിമർശിക്കേണ്ട ഒരു കാര്യവുമില്ല. വിമർശിക്കുകവഴി തങ്ങൾ എന്തോ വലിയ സംഭവമാണെന്ന മിഥ്യാധാരണ സമൂഹത്തിലുണ്ടാക്കാൻ ചിലർ നടത്തുന്ന വിലകുറഞ്ഞ അഭ്യാസങ്ങളായി മാത്രമേ അത് കാണുവാൻ കഴിയുകയുള്ളു.
മത – ദൈവ വിശ്വാസികളല്ലാത്തവരുടെ പാർട്ടിയാണ് തങ്ങളുടേതെന്ന് പറയാൻ ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ധൈര്യമുണ്ടോ ?
ധൈര്യമുണ്ടാകില്ല. അപ്പോൾപ്പിന്നെ ഇത്തരം നാടകങ്ങൾ ഇനിമുതൽ പാർട്ടികളും അവസാനിപ്പിക്കുക.  വിശ്വാസികളെ അവരുടെ പാട്ടിനുവിടുക.
ജനമദ്ധ്യത്തിൽ ഈശ്വരവിശ്വാസത്തെ പരസ്യമായി വിമർശിക്കു കയും സ്വന്തം ജീവിതത്തിലും കുടുംബത്തിലും അത് രഹസ്യമായി നടപ്പാക്കുകയും ചെയ്യുന്ന പൊയ്‌മുഖങ്ങളാണ് വിമർശകർ പലരുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇന്നേക്ക് 64 വര്ഷം മുൻപ് മേലിലായിലെ ഞങ്ങളുടെ കൊച്ചുവീടിന്റെ തിണ്ണയിൽ നിരത്തിയിട്ട പൂഴിമണലിൽ എൻ്റെ വലതുകൈയുടെ ചൂണ്ടുവിരൽ പിടിച്ച്  ” ഹരിശ്രീ ഓം ഗണപതായേ നമഃ ” എഴുതിച്ച ഉമ്മനാശാനെ ഈയവസരത്തിൽ ഓർത്തുപോകുകയാണ്.
ക്രിസ്തുമത വിശ്വാസിയായിരുന്നു അദ്ദേഹം. അന്നൊന്നും ഇന്നത്തേതുപോലുള്ള സങ്കുചിത ജാതി മത ചിന്തകൾ ലവലേശവുമില്ലായിരുന്നു. ഒരു വ്യക്തിയുടെ വിശ്വാസത്തെ ഒരുതരത്തിലും അപമാനിക്കാൻ ആരും ശ്രമിക്കുകയുമില്ലായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *