കോഴിക്കോട്: ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാന്‍ എക്‌സൈസ് ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പരിശോധന കര്‍ശനമാക്കി. ചെക്ക് പോസ്റ്റുകളിലും അതിര്‍ത്തികളിലും ഉള്‍പ്രദേശങ്ങളിലും കര്‍ശന പരിശോധനയാണ് നടക്കുന്നത്. വാഹന പരിശോധനകളും നടക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരി വില്‍പ്പനയും ഉപയോഗവും രൂക്ഷമായതിനാല്‍ ഇവരെ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.  ഇന്നലെ വരെ 106 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 
പരാതികളില്‍ നടപടികള്‍ എടുക്കാനായി എക്‌സൈസിന്റെ കണ്‍ട്രോള്‍ റും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂമിലും എക്‌സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പരുകളിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായവാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും.
എക്‌സൈസ് സി.ഐയുടെ മേല്‍നോട്ടത്തില്‍ എക്‌സൈസ്് ഇന്‍സ്‌പെക്ടര്‍, പ്രിവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍, എക്‌സൈസ് ഡ്രൈവര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഫോറസ്റ്റ്, പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പോലീസ്, റെയില്‍വേ എന്നിവരുമായി സഹകരിച്ചാണ് പരിശോധനകള്‍. 
കര്‍ണാടക, മാഹി തുടങ്ങിയ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍ തോതില്‍ മദ്യവും ലഹരിയും എത്താന്‍ സാധ്യതയുള്ളതിനാല്‍ ബോര്‍ഡര്‍ പെട്രോളിങ്ങും ഹൈവേ പെട്രോളിങ്ങും ബൈക്ക് പെട്രോളിങ്ങും ശക്തമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *