പാനൂര്‍: പാനൂര്‍ സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കണമെന്ന് യുഡിഎഫ് യുവജന സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ പൊലീസ് ഒളിച്ച് കളിക്കുകയാണ്. പൊലീസ് അന്വേഷിച്ചാല്‍ കേസിന്റെ സത്യാവസ്ഥ പുറത്തുവരില്ലെന്നും യുഡിവൈഎഫ് നേതാക്കള്‍ ആരോപിച്ചു.
കേസിന്റെ യഥാര്‍ഥ വിവരങ്ങള്‍ പൊലീസ് മറച്ചുവെക്കുന്നു. ഉന്നത ഗൂഢാലോചന അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു.
സ്‌ഫോടനം നടന്ന സ്ഥലം നേതാക്കള്‍ സന്ദര്‍ശിച്ചു. ഇതിനിടെ നേതാക്കള്‍ സ്‌ഫോടനം നടന്ന സ്ഥലത്തെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് പൊലീസ് തടഞ്ഞു.
കേസില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കള്‍ പ്രതിയായതിനെ തുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ യുവജന സംഘടനകള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.