ഇന്നലെയും നിന്നെകുറിച്ചു ഞാൻ ഓർത്തിരുന്നു.കാമികളുടെ ആത്മാവിൽ പൂക്കുന്ന കർണ്ണികാരമായ്,ഒരു വസന്തഋതുവായി നീയെത്തുമ്പോഴെല്ലാംനിൻറെ, ഉടഞ്ഞാണശിഞ്ജിതമെൻറെ ഉള്ളിലുറഞ്ഞ ശൈത്യത്തെ ഉരുക്കിക്കളയുമായിരുന്നു.
പുറത്ത്, മേശപ്പൂത്തിരി കത്തുമ്പോൾ അകത്ത്, മത്താപ്പ് വിരിഞ്ഞിരുന്ന കാലം.
വരമ്പത്തുനിന്നും കൊമ്പത്തോട്ടു കേറി അമ്മ,അച്ഛനൊപ്പം ചക്കയിടുന്നതു കണ്ടാലും മിണ്ടാത്ത കള്ളന്മാർ ചക്കപ്പുഴുക്കിലെ ഉപ്പ് നോക്കാൻ മത്സരിച്ചു വട്ടമിട്ടുവന്നിരുന്ന കാലം.
കണിയും കൈനീട്ടങ്ങളും സദ്യവട്ടങ്ങളുംകഴിഞ്ഞൂഞ്ഞാലാട്ടം കഴിഞ്ഞാലുംകൊതിപ്പിച്ചു നില്ക്കുന്ന മേടസൂര്യനെകൊഞ്ഞനംകുത്തി നടന്ന കാലം.
തേങ്ങാപാൽ മധുരമോടെ പുന്നെല്ലരിക്കട്ടകൾ തൂശനിലയിൽ കിടന്നാവി പോകുന്നോർമ്മയുംപനയോലയ്ക്കുള്ളിൽ വെടിമരുന്ന് കക്കിയ ഒച്ചയുംപ്രതിധ്വനിക്കും നേരങ്ങളിൽ നീ കടന്നുവരുമ്പോൾകോശവളർച്ച തടയപ്പെട്ട്, രൂപപരിണാമം വന്നമുഖമരങ്ങൾ തഴച്ചു നില്ക്കുന്നു; ഇന്നിവിടം,ഉഷ്ണവായു തിങ്ങിയ കന്ദരമാകുന്നു.
ചിരപരിചിതർപോലും അപരിചിതരുംഅന്ധന്മാരും ഗന്ധമില്ലാത്തവരുമായിരിക്കുന്നു.അതിജീവനത്തിൻറെ ആർത്തനാദങ്ങൾ’ബീപ്’ ശബ്ദവീചികളായി പരിണമിച്ചു.മീനച്ചൂടിൽ, മണ്ണിൽ കിടന്നുരുകുന്നത്,മാനഭംഗപ്പെട്ട വിഷുവത്തിൻറെ കബന്ധമാണ്;തല, അത്താഴവിരുന്നുകളിൽ സൂപ്പുണ്ടാക്കാൻകൊണ്ടുപോയിരുന്നു.
രതിമൂർച്ഛ കിട്ടാതെ, കണിക്കൊന്നകളുടെ ഉള്ളം പുകഞ്ഞുകൊണ്ടിരിക്കുന്നു; പാതയോരങ്ങളിൽ വിരിക്കേണ്ട മലർകംബളങ്ങൾ തയ്യാറായിട്ടില്ല;ആകാശവും ഭൂമിയും ഒപ്പം ചതി ചെയ്തു; കുരുക്കാത്ത കുരുക്കളുടെ നിലവിളികൾ; കുരുത്ത കുരുക്കൾക്കു കരുവാളിപ്പ്;എൻറെ ശ്വാസത്തിൻറെ നിറം, കടുംകറുപ്പ് !
-സതീഷ് കളത്തിൽ