ഉരുളികുന്നം: ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ മോഷണം. മേശവലിപ്പ് പൊളിച്ച് അതിലുണ്ടായിരുന്ന നാണയങ്ങളും, കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് അതിലുണ്ടായിരുന്ന പണവുമാണ് കവർന്നത്. കൗണ്ടറിന്റെ ഗ്രില്ലിന്റെ താഴ് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്.
ഇന്നലെ പുലർച്ചെ ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കൗണ്ടറിൽ വിൽക്കുന്ന എണ്ണയുടെ തുക നിക്ഷേപിക്കുന്ന ഭണ്ഡാരമാണ് ഇവിടെ വെച്ചിരുന്നത്. ആറായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.