കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസ് നേതൃത്വം തടയിട്ടതോടെ പുതിയ സ്ഥാനാര്‍ഥിക്കായി സിപിഎമ്മില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുന്നു.
മണ്ഡലത്തിനുള്ളില്‍ നിന്നുതന്നെ സ്ഥാനാര്‍ഥി വേണമെന്ന അഭിപ്രായം ശക്തമായതോടെ മേഖലയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായ സിഐടിയു സംസ്ഥാന നേതാവ് ടിആര്‍ രഘുനാഥന്‍, നേതാക്കളായ റെജി സഖറിയ, കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് എന്നിവരുടെ പേരുകള്‍ വീണ്ടും സജീവമാണ്. പുതുപ്പള്ളി മുന്‍ ഏരിയാ സെക്രട്ടറി സുഭാഷ് തുടങ്ങിയ പേരുകളും പരിഗണനയിലാണ്.
യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും ഇടതുപക്ഷത്തിന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ തോതിലുള്ള അതൃപ്തിയാണ് പുകയുന്നത്. സാധാരണനിലയില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക എല്‍ഡിഎഫാണ്.
എന്നു മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രഖ്യാപനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നിട്ടും പ്രഖ്യാപനത്തിന് മൂന്ന് മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചരണ ഒരുക്കങ്ങളുമായി യുഡിഎഫ് മുന്നോട്ടുപോകുകയും ചെയ്തു.
തുടക്കത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് സിപിഎം വൈകിയത് അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ രംഗത്തിറക്കുന്നതിനുവേണ്ടിയായിരുന്നെന്ന നിഗമനം ശക്തമാണ്. എന്നാല്‍ എല്‍ഡിഎഫിന്‍റെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് യുവനേതാവിനെ രംഗത്തിറക്കാനുള്ള ശ്രമം പാളിയതോടെ ഇടതുപക്ഷത്ത് വീണ്ടും അങ്കലാപ്പായി.
സിപിഎം പുതുപ്പള്ളിയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ രംഗത്തിറക്കുമെന്ന വാര്‍ത്ത ഇന്നലെ പുറത്തുവിട്ടത് സത്യം ഓണ്‍ലൈനായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളും അതേറ്റുപിടിച്ചതോടെ സിപിഎം തന്ത്രങ്ങള്‍ പാളി.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ അവസരോചിതമായ ഇടപെടലാണ് കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനുള്ള സിപിഎം നീക്കം പാളാന്‍ കാരണം.
ഇതോടെ വീണ്ടും ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളിലേയ്ക്ക് ചുരുങ്ങി. എന്നാല്‍ സിപിഎമ്മിനു പുറത്തുനിന്നുള്ള പൊതുസമ്മതനെ പുതുപ്പള്ളിയില്‍ രംഗത്തിറക്കാനുള്ള ചരടുവലികള്‍ ഇപ്പോഴും ശക്തമാണ്.
തെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റം ഉണ്ടാകുമോ എന്നറിഞ്ഞ ശേഷമാകും അടുത്ത കരുനീക്കങ്ങള്‍. മണര്‍കാട് പള്ളി തിരുനാള്‍ പ്രമാണിച്ച് തെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റം വേണമെന്നാണ് ഇടതുപക്ഷം ഉള്‍പ്പെടെ ആവശ്യപ്പെട്ടത്.