തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ വരെ സാരമായി ബാധിച്ച മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് പരിഹരിക്കാന്‍ ശ്രമം തുടങ്ങി. മുസ്ളീം ലീഗിന്റെ മധ്യസ്ഥതയിലാണ് മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിലെ തമ്മിലടി പരിഹരിക്കാന്‍ ശ്രമമാരംഭിച്ചത്.
ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കം പരിഹരിക്കാനുളള നീക്കം തുടങ്ങിയത്. ഗ്രൂപ്പ് പോര് വളര്‍ന്ന് ഘടകകക്ഷികളുമായുളള തര്‍ക്കമായി മാറിയ സ്ഥലങ്ങളില്‍ പ്രശ്ന പരിഹാരത്തിന് യു.ഡി.എഫ് നേതൃത്വം കൂട്ടായി ഇടപെടാനും ചര്‍ച്ചയില്‍ ധാരണയായി.
കോണ്‍ഗ്രസിലെ തമ്മിലടി തിരഞ്ഞെടുപ്പ് പ്രചാരണത്തെ സാരമായി ബാധിച്ചെന്ന ലീഗ് നേതൃത്വം പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ചക്ക് കളമൊരുങ്ങിയത്.
മുന്‍ മന്ത്രിയും എം.എല്‍.എയുമായി എ.പി. അനില്‍കുമാറിന്റെയും, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയുടെയും നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് നേതൃത്വം നല്കുന്ന വിഭാഗവും തമ്മിലുളള ഭിന്നതയാണ് തിരഞ്ഞെടുപ്പ് കാലത്ത് മുസ്ളിം ലീഗിന് തലവേദനയായത്.
ലീഗ് മത്സരിക്കുന്ന മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ പ്രാദേശിക കണ്‍വന്‍ഷനുകള്‍ പോലും നടത്താന്‍ കഴിയാത്ത തരത്തിലേക്ക് തര്‍ക്കങ്ങള്‍ വളര്‍ന്നിരുന്നു. മാത്രമല്ല പ്രശ്നം നിലനില്‍ക്കുന്ന ഇടങ്ങളിലെല്ലാം മറ്റ് പ്രചാരണ പ്രവര്‍ത്തനങ്ങളെയും ഗ്രൂപ്പ് പോര് സാരമായി ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ലീഗ് നേതൃത്വം അടിയന്തിര പരിഹാരം തേടി കെ.പി.സി.സി നേതൃത്വത്തെ സമീപിച്ചത്.
ഇതിന് പിന്നാലെയാണ് പി.കെ.കുഞ്ഞാലിക്കുട്ടി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുഴുവന്‍ നേതാക്കളുടേയും സഹകരണം ഉറപ്പാക്കുമെന്ന് ഡി.സി.സി നേതൃത്വവും ലീഗിനെ അറിയിച്ചിട്ടുണ്ട്.
കെ.പി.സി.സി ആക്ടിങ്ങ് പ്രസിഡന്റ് എം.എം.ഹസന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സഹകരണം ഉറപ്പാക്കുമെന്ന് വാക്ക് നല്കാന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമായത്.
പരപ്പനങ്ങാടി, മംഗലം, വെട്ടം, മേലാറ്റൂര്‍, എടപ്പറ്റ, കീഴാറ്റൂര്‍, അങ്ങാടിപ്പുറം, തിരൂരങ്ങാടി, എന്നിവടങ്ങളിലായിരുന്നു കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് നിലനില്‍ക്കുന്നത്. മണ്ഡലം പുന:സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭിന്നത രൂക്ഷമാക്കിയിരുന്നു.
പുന:സംഘടനയുടെ ഭാഗമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചു എന്നാണ് ലീഗ് ജില്ലാ നേതൃത്വവും പറയുന്നത്. പ്രശ്നം പരിഹരിച്ചതോടെ എണ്ണയിട്ട യന്ത്രം പോലെയാണ് ഐക്യജനാധിപത്യ മുന്നണി പ്രവര്‍ത്തിക്കുന്നത്.
ജോയി ഏതാണ് ഷൗക്കത്ത് ആരാണ് അജയ് മോഹന്‍ ആരാണ് അനില്‍ കുമാര്‍ ആരാണ് എന്നൊന്നും അറിയാത്ത തരത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചെന്നാണ് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് എം എല്‍ എയുടെ പ്രതികരണം. കോണ്‍ഗ്രസിലെ അഭ്യന്തര പ്രശ്നങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസും ലീഗും തമ്മില്‍ പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളും മലപ്പുറത്തെ യു.ഡി.എഫിന് തലവേദനായാണ്.
കൊണ്ടോട്ടി നിയമസഭാ മണ്ഡലമാണ് കോണ്‍ഗ്രസ് ലീഗ് ഭിന്നത രൂക്ഷമായ സ്ഥലം. ഇവിടങ്ങളിലും തര്‍ക്കം പരിഹരിക്കാന്‍ വേഗത്തില്‍ ഇടപെടല്‍ നടത്താന്‍ യു.ഡി.എഫ് ജില്ലാ നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്. മണ്ഡലം യുഡിഎഫ് ചെയര്മാന് പദവിയെച്ചൊല്ലി ലീഗുമായി പരപ്പനങ്ങാടിയില്‍ നിലനിന്നിരുന്ന തര്‍ക്കം കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പരിഹരിച്ചു.
ഭിന്നത നിലനില്‍ക്കുന്ന മറ്റ് പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കാതെ കൈകാര്യം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതൃത്വത്തിന് നല്കിയിട്ടുളള ഉറപ്പ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനാല്‍ ലീഗുമായുളള പ്രശ്നങ്ങളും പാര്‍ട്ടിക്ക് അകത്തെ പ്രശ്നങ്ങളും പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശിയ-സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടുണ്ട്. ഒന്നിച്ച് നില്‍ക്കേണ്ട നിര്‍ണായ മൂഹൂര്‍ത്തത്തില്‍ തമ്മിലടിച്ച് രാഷ്ട്രീയ സാഹചര്യം നശിപ്പിക്കരുതെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
തഴെത്തട്ടിലെ പ്രശ്നങ്ങള്‍ മനസിലാക്കാനായി ലീഗ് നേതൃത്വം പാര്‍ട്ടിയുടെ ബൂത്ത് തലത്തിലുളള നേതാക്കളെ കണ്ട് ആശയവിനിമയം നടത്തിയപ്പോഴാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പലയിടങ്ങളിലും പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന കാര്യം ബോധ്യപ്പെട്ടത്. പ്രാദേശിക തലത്തിലെ യുഡിഎഫ് കണ്‍വെഷനുകളുടെ നടത്തിപ്പിനെ പോലും ഗ്രൂപ്പ് പോര് ബാധിച്ചിട്ടുണ്ടെന്ന് ലീഗ് പ്രവര്‍ത്തകര്‍ നേതാക്കളെ അറിയിച്ചു.
ഇങ്ങനെപോയാല്‍ സ്ഥിതി ഗുരുതരമാകുമെന്ന് ബോധ്യമായതോടെയാണ് പ്രശ്നം മുന്നണിയില്‍ ഉന്നയിക്കാന്‍ മുസ്ലിംലീഗ് നേതൃത്വം നിര്‍ബന്ധിതമായത്. മലപ്പുറം, പൊന്നാനി ലോകസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് സാരമായി ബാധിക്കുന്നുവെന്നുവെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കേണ്ട ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം തന്നെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ലീഗ് നേതാക്കള്‍ കെ.പി.സി.സി.നേതൃത്വത്തെ അറിയിച്ചിരുന്നു.
പ്രചരണത്തെ മുന്നില്‍ നിന്ന് നയിക്കുന്ന ലീഗ് പ്രാദേശിക നേതൃത്വം ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്തുമ്പോള്‍ എതിര് വിഭാഗം സഹകരിക്കാതെ മാറിനില്‍ക്കുന്നതാണ് മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലെ സ്ഥിതിയെന്നും ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അടിയന്തിര ഇടപെടലുണ്ടായത്.