ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് യു.ജി., പി.ജി., ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ പരീക്ഷ, 2024-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം
ബി.എസ്‌സി. ഓണേഴ്സ്
മൂന്നുവർഷം ദൈർഘ്യമുള്ള ബി.എസ്‌സി. (ഓണേഴ്സ്) മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ്. അംഗീകൃത ബോർഡിൽനിന്നും പ്ലസ് ടു/തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.
എം.എസ്‌സി.
രണ്ടുവർഷം ദൈർഘ്യമുള്ള മൂന്ന് എം.എസ്‌സി. പ്രോഗ്രാമുകൾ. മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ്.
മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് എം.എസ്‌സി. പ്രോഗ്രാമുകളിലേക്ക് യഥാക്രമം മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് വിഷയത്തിൽ ശക്തമായ അടിത്തറയുള്ള ബി.എ., ബി.എസ്‌സി., ബി. മാത്തമാറ്റിക്സ്, ബി. സ്റ്റാറ്റിസ്റ്റിക്സ്, ബി.ഇ., ബി.ടെക്. യോഗ്യതകളിലൊന്നുളളവർക്ക് അപേക്ഷിക്കാം.
മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നിൽ ശക്തമായ അടിത്തറയുള്ള ബി.എ., ബി.എസ്‌സി., ബി.മാത്തമാറ്റിക്സ്, ബി.സ്റ്റാറ്റിസ്റ്റിക്സ്, ബി.ഇ., ബി.ടെക്. യോഗ്യതകളിലൊന്നുളളവർക്ക്, ഡേറ്റാ സയൻസ് എം.എസ്‌സി.ക്ക് അപേക്ഷിക്കാം.
പിഎച്ച്.ഡി.
മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഫിസിക്സ് എന്നിവയിൽ പി.എച്ച്‌ഡി. പ്രോഗ്രാമുകളുണ്ട്. യോഗ്യത: മാത്തമാറ്റിക്സ് -മാത്തമാറ്റിക്സ് എം.എസ്‌സി./തത്തുല്യ യോഗ്യത അല്ലെങ്കിൽ എൻജിനിയറിങ്ങിലോ സയൻസിലോ ബാച്ച്‌ലർ ബിരുദം.
കംപ്യൂട്ടർ സയൻസ് -ബി.ഇ., ബി.ടെക്., എം.എസ്‌സി., എം.സി.എ., സയൻസിൽ ബി.എസ്‌സി. എന്നിവയിലൊന്ന്. ഫിസിക്സ് -എം.എസ്‌സി. ഫിസിക്സ്/തത്തുല്യ യോഗ്യത.
പ്രവേശനരീതി
ഫിസിക്സ് പിഎച്ച്.ഡി. ഒഴികെയുള്ള യു.ജി./പി.ജി./പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനം മേയ് 19-ന്, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലുൾപ്പടെ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ്. രണ്ടാം ഘട്ടത്തിൽ ഇന്റർവ്യൂ ഉണ്ടായേക്കാം. വിശദാംശങ്ങൾ, സിലബസ്, മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പർ എന്നിവ വെബ്സൈറ്റിൽ ലഭിക്കും.
ഫിസിക്സ് പിഎച്ച്.ഡി. പ്രവേശനം ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) 2024 സ്കോർ/യു.ജി.സി. – സി.എസ്.ഐ.ആർ. നെറ്റ്/ഗേറ്റ് അടിസ്ഥാനമാക്കിയായിരിക്കും. ഇൻറർവ്യൂ ഉണ്ടാകും.
നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻ.ബി. എച്ച്.എം.) പിഎച്ച്.ഡി. ഫെലോഷിപ്പ് ഉള്ള, മാത്തമാറ്റിക്സ് പിഎച്ച്.ഡി. അപേക്ഷകർ, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസിൽ ജസ്റ്റ് 2024 യോഗ്യത നേടിയ, കംപ്യൂട്ടർ സയൻസ് പിഎച്ച്.ഡി. അപേക്ഷകർ, എന്നിവരെ പ്രവേശന പരീക്ഷയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഹോമി ഭാഭ സെൻറർ ഫോർ സയൻസ് എജുക്കേഷൻ (എച്ച്.ബി.സി.എസ്.ഇ.) നടത്തുന്ന നാഷണൽ ഒളിമ്പ്യാഡ് ഇൻ മാത്തമാറ്റിക്സ്, ഫിസിക്സ്; ഇന്ത്യൻ അസോസിയേഷൻ ഫോർ റിസർച്ച് ഇൻ കംപ്യൂട്ടിങ് സയൻസ് (ഐ.എ.ആർ.സി.എസ്.) നടത്തുന്ന ഇന്ത്യൻ കംപ്യൂട്ടിങ് ഒളിമ്പ്യാഡ് എന്നിവയിൽ മികവു തെളിയിച്ചവരെ ബി.എസ്‌സി. പ്രവേശന പരീക്ഷയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
11-ലോ 12-ലോ നിശ്ചിത ഒളിമ്പ്യാഡ് ക്യാമ്പുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ ഡയറക്ട് അഡ്മിഷനു പരിഗണിക്കും. പക്ഷേ, ഇവരും ഈ വിജ്ഞാപനപ്രകാരം ഇപ്പോൾ അപേക്ഷിക്കണം.
അപേക്ഷ
www.cmi.ac.in ലിങ്കുവഴി ഏപ്രിൽ 15-ന് രാത്രി 11.59 വരെ അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് മേയ് 12 മുതൽ ലഭ്യമാക്കും. പരീക്ഷ കഴിഞ്ഞ് ഏകദേശം ഒരു മാസത്തിനുള്ളിൽ ഫലപ്രഖ്യാപനം ഉണ്ടാകും. അക്കാദമിക് സെഷൻ 2024 ഓഗസ്റ്റ് ആദ്യവാരം തുടങ്ങും.
ഫീസ്, സ്കോളർഷിപ്പ്
ബി.എസ്‌സി. സെമസ്റ്റർ ട്യൂഷൻ ഫീസ് ഒന്നേകാൽ ലക്ഷം രൂപയാണ്. 30 മുതൽ 35 പേർക്കു വരെ ഇത് സ്കോളർഷിപ്പ് വഴി ഒഴിവാക്കി കിട്ടും. പ്രതിമാസം 5000 രൂപയുടെ ഏതാനും സ്‌റ്റൈപ്പൻഡുകളും ബിരുദ വിദ്യാർഥികൾക്ക് ലഭിക്കും. പ്രവേശനം നേടുന്നവർക്കുള്ള ഫീസ്/ സ്കോളർഷിപ്പുകൾ എന്നിവയുടെ വിശദാംശങ്ങൾ ബ്രോഷറിൽ ലഭ്യമാണ്.