ഗാസ: ഗാസയില്‍ വംശഹത്യ നടത്താന്‍ സഹായിച്ചതായി ജര്‍മനിക്ക് എതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ്. ഇസ്രയേലിന് ജര്‍മനി ആയുധങ്ങള്‍ നല്‍കുന്നത് ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് അന്താരാഷ്ട്ര കോടതിയില്‍ നികരാഗ്വെ ആവശ്യപ്പെട്ടു. ആരോപണം നിഷേധിച്ച ജര്‍മനി, കോടതിയില്‍ മറുവാദം നടത്തും.
ഇസ്രയേലിന് ആയുധം നല്‍കുന്നതിനൊപ്പം, ഐക്യരാഷ്ട്ര സഭയുടെ മാനുഷിക സഹായ ഏജന്‍സിക്ക് ഫണ്ട് നല്‍കുന്നത് ജര്‍മനി നിര്‍ത്തിവച്ചിരുന്നു. അതേസമയം, ഇസ്രയേല്‍ സൈന്യം പിന്മാറിയ ഗാസയിലെ നഗരമായ ഖാന് യൂനൂസിലേക്ക് പലസ്തീന് ജനത തിരിച്ചു വന്നുതുടങ്ങി.
2023-ല്‍ ഇസ്രയേല്‍ സൈനികോപകരണങ്ങള്‍ വാങ്ങിയതില്‍ 30 ശതമാനവും ജര്‍മനിയില്‍ നിന്നാണ്. നേരത്തെ, ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത കേസില്‍ വംശഹത്യ ഒഴിവാക്കാനുള്ള നടപടികള്‍ എല്ലാ വഴികളും സ്വീകരിക്കണമെന്ന് ഇസ്രയേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു. എല്ലാ ബന്ദികളേയും വിട്ടയക്കണമെന്ന് ഹമാസിനോടും ഇടക്കാല ഉത്തരവില്‍ ഐസിജെ ആവശ്യപ്പെട്ടിരുന്നു. 2022-നെ അപേക്ഷിച്ച് 2023-ല്‍ ഇസ്രയേലിന് ജര്‍മനി നല്കിയ ആയുധങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി നികരാഗ്വെ ചൂണ്ടിക്കാണിച്ചു.