കൊച്ചി: എറണാകുളം- ബംഗളൂരു റൂട്ടില്‍ വന്ദേഭാരത് ട്രെയിന്‍ ഉടനെത്താന്‍ സാധ്യത. ദക്ഷിണ റെയില്‍വേക്ക് അനുവദിച്ചിരിക്കുന്ന മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകളില്‍ ഒന്നാകും ഇത്. പുതിയ റേക്ക് വന്ദേഭാരത് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയിരുന്നു. സര്‍വീസ് സംബന്ധിച്ച് തീരുമാനമായാല്‍ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി സ്‌പെഷ്യല്‍ ട്രെയിനായാകും വന്ദേഭാരത് ഓടിക്കുക. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇത്.

എറണാകുളത്തെ സ്ഥലപരിമിതി മൂലമാണ് കൊല്ലം സ്റ്റേഷനില്‍ റേക്കുകള്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. പുതിയ സര്‍വീസ് ആരംഭിച്ചാല്‍ ഒമ്പത് മണിക്കൂറില്‍ താഴെ സമയത്തില്‍ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും എത്താന്‍ സാധിക്കും. ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാവിലെ എറണാകുളം ജംഗ്ഷനിലെത്തി ഉച്ചയോടെ തിരികെ പോകുന്ന സമയക്രമം ഉള്‍പ്പടെ നേരത്തെ പരിഗണനയിലുണ്ടായിരുന്നു.

എന്നാല്‍ എറണാകുളം-ബംഗളൂരു സര്‍വീസിനെ കുറിച്ച് റെയില്‍വേ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കും തിരിച്ചും, തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും തിരിച്ചുമാണ് സര്‍വീസുകള്‍ നടത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *