കോട്ടയം: സാത്താന്‍ സേവാ സംഘങ്ങള്‍ കോട്ടയത്തും ഉണ്ടെന്ന നിരീക്ഷണത്തിൽ പോലീസ്. മുന്‍പു പ്രവര്‍ത്തിച്ചിരുന്ന ആഭിചാര സംഘങ്ങള്‍, അതില്‍ പ്രവര്‍ത്തിച്ച വ്യക്തികള്‍ എന്നിവരെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തുന്നു. അരുണാചലില്‍ ഭാര്യ ദേവിക്കും സുഹൃത്ത് ആര്യക്കുമൊപ്പം ആത്മഹത്യ ചെയ്ത നവീന് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടോയെന്നു സംശയത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.
ആറു വര്‍ഷം മുന്‍പു തന്നെ ആഭിചാരത്തെ പ്രോത്സാഹിപ്പുന്ന സംഘങ്ങള്‍ കോട്ടയത്തു സജീവമായി ഉണ്ടായിരുന്നെന്നു രഹസ്യാന്വേഷണ റിപ്പോർട്ടു ലഭിച്ചിരുന്നു. കോഴിക്കോടും കൊച്ചിയിലും ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തുമായി സാത്താന്‍ സേവ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അന്നു പുറത്തു വന്ന വിവരം.
പ്രധാനമായും നഗരങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ചു സാത്താന്‍ ആരാധന നടന്നിരുന്നത്. സമൂഹത്തിലെ ഉന്നത നിലയിലുള്ളവര്‍ പലരുമാണ് ഇത്തരം സംഘങ്ങളിലെ അംഗങ്ങളെന്നതാണു ഞെട്ടിക്കുന്നത്. ഭയജനകവും വിചിത്രവുമാണ് ഇവരുടെ രീതികള്‍.
വിദേശികളടക്കം പങ്കെടുക്കുന്ന ഇത്തരം സാത്താന്‍ സേവകള്‍ പലപ്പോഴും സ്‌പോണ്‍സര്‍ ചെയ്യുന്നതു ലഹരി മാഫിയകളാണ്. അതീന്ദ്രിയ ശക്തി ലഭിക്കുമെന്നും സമ്പത്ത് ലഭിക്കുമെന്നും ശത്രുക്കളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ഉള്ള ധാരണകളിലാണു പലരും ഇത്തരം സംഘങ്ങളുടെ ഭാഗമാകുന്നത്.
നവീന്റെ കേസിലും പോലീസിനു സമാനമായ തെളിവുകള്‍ ലഭിച്ചതോടെയാണ് അന്വേഷണം കോട്ടയത്തെ സംഘങ്ങളിലേക്കു കൂടി കേന്ദ്രീകരിക്കുന്നത്. നവീന്റെ കോട്ടയം മീനടത്തെ വസതിയിലെത്തിയ അന്വേഷണ സംഘം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു.
നവീന്‍ ഉപയോഗിച്ചിരുന്ന മുറിയിലടക്കം പരിശോധന നടത്തിയിരുന്നു. കൃത്യത്തിന്റെ പ്രധാന സൂത്രധാരന്‍ നവീന്‍ ആണെന്ന പ്രാഥമിക നിഗമനത്തിലാണു പോലീസ്. ഇതാണു കോട്ടയത്തെ സാത്താന്‍ സേവാ സംഘങ്ങളെപ്പറ്റിയുള്ള അന്വേഷത്തിനു കൂടുതല്‍ പ്രാധാന്യം പോലീസ് നല്‍കുന്നത്.
മീനടത്ത് എത്തിയ പോലീസ് ആസ്ട്രല്‍ പ്രൊജക്ഷനോ, സാത്താന്‍ സേവയോ ആയി ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങള്‍ നവീന്‍ അടുപ്പമുള്ളവരുമായി സംസാരിച്ചിട്ടുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചതും. ഇത്തരം സാത്താന്‍ സേവകള്‍ക്കായി കേരളത്തില്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയം പോലീസിനുണ്ട്.
മുന്‍പും സമാന കുറ്റകൃത്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം സാത്താന്‍ ആരാധകരെ പോലീസും നിയമസംവിധാനങ്ങളും ഗൗരവമായി എടുത്തിരുന്നില്ല. ഇതു നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്.