ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കില്‍ രാഹുല്‍ ഗാന്ധി നേതൃസ്ഥാനത്തുനിന്ന് പിന്മാറണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.കഴിഞ്ഞ 10 വര്‍ഷമായി ചെയ്യുന്ന കാര്യത്തില്‍ വിജയം നേടാനായില്ലെങ്കില്‍ ഇടവേള എടുക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇത് മറ്റാരെയെങ്കിലും ചെയ്യാന്‍ അനുവദിക്കണം. രാഹുല്‍ ഗാന്ധിയുടെ മാതാവ് അങ്ങനെ ചെയ്തിട്ടുണ്ടെന്നും പ്രശാന്ത് ഓര്‍മിപ്പിച്ചു. രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാനും 1991-ൽ പി വി നരസിംഹ റാവുവിനെ ചുമതലയേല്‍പ്പിക്കാനും സോണിയ തീരുമാനിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഇക്കാര്യം പറഞ്ഞത്.
കുറവ് തിരിച്ചറിയാനാകുമെന്നതാണ് ലോകമെമ്പാടുമുള്ള നല്ല നേതാക്കളുടെ ഒരു പ്രധാന ഗുണം. ആ വിടവുകൾ നികത്താന്‍ അവര്‍ സജീവമായി ശ്രമിക്കും. എന്നാൽ രാഹുലിന്റെ ധാരണ അദ്ദേഹത്തിന് എല്ലാം അറിയാമെന്നാണ്. സഹായം ആവശ്യമാണെന്ന് രാഹുല്‍ തിരിച്ചറിയുന്നില്ലെങ്കില്‍ അദ്ദേഹത്തെ ആര്‍ക്കും സഹായിക്കാന്‍ കഴിയില്ല.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ പരാജയത്തെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാന്‍ രാഹുല്‍ തീരുമാനിച്ചിരുന്നു. മറ്റാരെയെങ്കിലും ചുമതല ഏൽപ്പിക്കാൻ അനുവദിക്കുമെന്നും രാഹുല്‍ എഴുതിയിരുന്നു. എന്നാല്‍ അതിന് വിരുദ്ധമാണ് രാഹുലിന്റെ ഇപ്പോഴത്തെ പ്രവൃത്തിയെന്നും പ്രശാന്ത് വിമര്‍ശിച്ചു.