തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സമഗ്ര പുരോഗതിക്കായി നടപ്പിലാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കാൻ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തുടക്കമിട്ട എന്താണ് കാര്യം പദ്ധതിക്ക് മികച്ച പ്രതികരണം.
തിരുവനന്തപുരം മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ദിവസവും ശരാശരി 200 ഫോൺ വിളികളാണ് ഇതിനായി പ്രത്യേകം തയാറാക്കിയ കോൾ സെന്ററിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ ഇമെയിൽ, ക്യൂ ആർ കോഡ് സ്കാനിങ് മുഖേന 300ഓളം നിർദേശങ്ങളും ഇതുവരെ ലഭിച്ചു. 14 വിഭാഗങ്ങളാക്കി തിരിച്ചാണ് വ്യത്യസ്ത അഭിപ്രായങ്ങൾ സ്വരൂപിക്കുന്നത്.
പൊതുജനങ്ങളിൽ നിന്ന് ഇങ്ങനെ ലഭിക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും കൂടി വിലയിരുത്തിയാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തിനു വേണ്ടിയുള്ള മിഷൻ രേഖ തയാറാക്കുന്നത്. ഇതായിരിക്കും സ്ഥാനാർത്ഥിയുടെ പ്രകടന പത്രിക. ഇത് ജനങ്ങളുമായുള്ള തന്റെ കരാർ ആയിരിക്കുമെന്നും ഇതുവച്ച് തന്റെ പ്രകടനം വിലയിരുത്താമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ആവശ്യമായ ഘട്ടങ്ങളിൽ സ്ഥാനാർത്ഥി കോൾ സെന്ററിലേക്കു വിളിച്ചവരെ തിരിച്ചു വിളിക്കുകയും ചെയ്യുന്നുണ്ട്. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കോളുകൾ വരുന്നത്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഈ അഭിപ്രായങ്ങളും നിർദേശങ്ങളും വിലയിരുത്തി ഏപ്രിൽ 14ന് രാജീവ് ചന്ദ്രശേഖറിന്റെ പ്രകടന പത്രികയായുന്ന മിഷൻ രേഖ പ്രസിദ്ധീകരിക്കും.