സ്വയം വിരമിക്കുന്നതിനായി എം ശിവശങ്കർ നൽകിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സർവീസുള്ളത്. കഴിഞ്ഞ ദിവസം കൂടുതൽ ചുമതലകൾ നൽകിയതിന് പിന്നാലെയാണ് ശിവശങ്കർ സ്വയം വിരമിക്കുന്നതിനായി അപേക്ഷ നൽകിയെന്ന വിവരം പുറത്ത് വന്നത്. ഒരാഴ്ച മുൻപാണ് ശിവശങ്കർ നൽകിയ അപേക്ഷ തളളിയത്. കേന്ദ്ര ഏജൻസികളുടെ കേസുകൾ ഉള്ളതിനാലാണ് നടപടി.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ ഒന്നര വർഷത്തെ സസ്പെൻഷനുശേഷം ഇക്കഴിഞ്ഞ ജനുവരിയിലാണ് സ്പോർട്സ്- യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി സർവീസിലേയ്ക്ക് തിരിച്ചെത്തിയത്.ഐ.എ.എസ് വകുപ്പിൽ സർക്കാർ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് ശിവശങ്കറിന് മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ ചുമതലകൾ കൂടി നൽകിയിരുന്നത്. മന്ത്രി ചിഞ്ചുറാണിയുടെ വകുപ്പുകളാണിവ. ക്ഷീരവികസന വകുപ്പിന് കീഴിലെ മിൽമ യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവശങ്കർ ആ വകുപ്പിലേക്ക് വരുന്നത്.