ലണ്ടന്‍: സൗദി അറേബ്യന്‍ പ്രതിനിധി ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്ത മത്സരത്തിന്റെ സംഘാടകര്‍ നിഷേധിച്ചു. ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൗദി അറേബ്യ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
സൗദി മോഡലായ റൂമി അല്‍ഖഹ്താനിയുടെ സമൂഹ മാധ്യമ പോസ്ററിനെ അധികരിച്ചാണ് സൗദി പ്രതിനിധി മത്സരിക്കുന്നു എന്നും ചരിത്രം വഴിമാറുന്നു എന്നുമെല്ലാം വാര്‍ത്തകള്‍ വന്നത്. ‘മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്’ ~എന്നാണ് സൗദി പതാകയേന്തിയ തന്‍റെ ഫോട്ടോക്കൊപ്പം മാര്‍ച്ച് 25ന് റൂമി അല്‍ഖഹ്താനി ഇന്‍സ്ററഗ്രാമില്‍ പോസ്ററ് ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇത് ആഘോഷമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. സൗദി അറേബ്യയില്‍ നിന്ന് മത്സരാര്‍ഥിയെ പങ്കെടുപ്പിക്കുന്നതിനായി യാതൊരു സെലക്ഷന്‍ നടപടികളും നടത്തിയിട്ടില്ല. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വരാനിരിക്കുന്ന മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്ന നൂറിലേറെ രാജ്യങ്ങളില്‍ സൗദി അറേബ്യ ഇല്ലെന്നും അവര്‍ അര്‍ധശങ്കയ്ക്കിടയില്ലാത്ത വിധം വിശദീകരിക്കുന്നു.