എടത്വ:ജനകീയ കൂട്ടാഴ്മയിലൂടെ തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് സൗഹൃദ നഗറിലെ സാൽവേഷൻ ആർമി പള്ളി –  പൊയ്യാലുമാലിൽ പടി  റോഡിൻ്റെ  ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ഒന്നര മീറ്റർ വീതിയുണ്ടായിരുന്ന റോഡാണ് ഇപ്പോൾ മൂന്ന് മീറ്റർ വീതിയിലേക്ക് മാറിയിരിക്കുന്നത്.കഴിഞ്ഞ ദിവസം  പ്രദേശവാസികൾ വാലയിൽ ബെറാഖാ ഭവനിൽ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാമിൻ്റെ അധ്യക്ഷതയിൽ ചേർന്ന് തീരുമാനമെടുത്ത പ്രകാരമാണ്  റോഡിന് വീതി കൂട്ടിയത്.
യാത്ര ക്ലേശവും,  ശുദ്ധജല ക്ഷാമവും  പരിഹരിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള ജൂൺ 28ന് നല്കിയ ഹർജിയെ തുടർന്ന് റോഡിൻ്റെ ദുരവസ്ഥയെ കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് മുരളി, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി എന്നിവർ സ്ഥലം  സന്ദർശിച്ചിരുന്നു.പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി  തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.വി. വിനോദ് കുമാറിനെ പ്രദേശത്ത് വിളിച്ചു വരുത്തി അടിയന്തിരമായി നടപടി സ്വീകരിക്കുവാൻ നിർദ്ദേശം നല്കുകയായിരുന്നു.തോമസ് കെ. തോമസ് എം.എൽ.എ സ്ഥലം സന്ദർശിച്ച് അടിയന്തിര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 
ശ്രമദാനത്തിലൂടെ യാണ് പ്രദേശവാസികൾ ഏകദേശം 800 മീറ്റർ നീളത്തിൽ 3 മീറ്റർ വീതിയിൽ വഴി വെട്ടിയത്.  ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം ശ്രമദാനം ഉദ്ഘാടനം ചെയ്തു.  അംഗം ബിന്ദു ഏബ്രഹാം,റോഡ് സമ്പാദക സമിതി  ചെയർമാൻ ഡോ. ജോൺസൺ വി.ഇടിക്കുള,  രക്ഷാധികാരിമാരായ വി.അരുൺ പുന്നശ്ശേരിൽ,  തോമസ്ക്കുട്ടി പാലപറമ്പിൽ, കൺവീനർ മനോജ് മണക്കളം, പി.ഡി സുരേഷ്, വിൻസൻ പൊയ്യാലുമാലിൽ ജേക്കബ് മാത്യം കണിച്ചേരിൽ, പി.എ മഹേഷ്,ജെനി കൃഷ്ണൻകുട്ടി,പി.കെ. ശുഭാനന്ദൻ, കെ.കെ എബി, പി,ബിനു ,പി.പി ഉണ്ണികൃഷ്ണൻ, പുരുഷോത്തമൻ പി.ഡി, സി.കെ സുരേന്ദ്രൻ, സാബു ജോർജ്, ജയപ്രകാശ് പാലപറമ്പിൽ, പി  സുമേഷ്, രാജേഷ് രാജൻ, രാജീവ് പൊയ്യാലുമാലിൽ, റോഷൻ കെ.വി, പി.ആർ രതീഷ് കുമാർ, പി.വി പ്രവീൺ , പ്രിൻസ് കോശി, വിനോദ് പുത്തൻപുരച്ചിറ, പി.കെ. ശിവാനന്ദൻ, എം.കെ ഗോപി  എന്നിവർ നേതൃത്വം നല്കി.
ഈ റോഡിൻ്റെ ഇരുവശങ്ങളിലായി  25-ലധികം  കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത ശരീരം തളർന്ന ഭിന്നശേഷിക്കാരനായ യുവാവ് ഉൾപ്പെടെ കിടപ്പു രോഗികളും ഇതിൽ ഉൾപ്പെടും.വെള്ളപ്പൊക്കമുണ്ടായാൽ ‘പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന ‘ പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡിൽ പോലും എത്താൻ പറ്റാത്ത അവസ്ഥ മൂലം ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയാണ്.ചില ആഴ്ചകൾക്ക് മുമ്പ്  ക്ഷേത്രത്തിലെ നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ ഈ വഴിയിൽ കുഴഞ്ഞ് വീണ  കർഷക തൊഴിലാളിയായ തലവടി സ്വദേശിയെ  ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്നു മരണപ്പെട്ടിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *