യുഎഇ: ആഘോഷ – അവധിവേളകളിൽ അമിത വിമാന നിരക്ക് നിയന്ത്രിക്കാൻ സാധ്യമല്ലെന്ന് വ്യോമയാന മന്ത്രാലയവും, ഡിജിസിഎയും മലബാർ ഡെവലമെന്റ് കൗൺസിലിനെ രേഖാമൂലം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ യാത്രയ്ക്ക് യുഎഇ – കേരള സെക്ടറിൽ ചാർട്ടേഡ് യാത്രാ കപ്പൽ – വിമാന സർവീസ് എന്ന ആവശ്യം കേന്ദ്ര – കേരള സർക്കാരുകളുടെ മുന്നിൽ മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ സമർപ്പിച്ചത്.
കഴിഞ്ഞ ബഡ്ജറ്റിൽ 15 കോടി കേരള സർക്കാർ പ്രവാസികളുടെ യാത്രയ്ക്ക് അനുവദിച്ചിട്ടുണ്ട്. എംഡിസിയുടെ നിർദ്ദേശത്തിന് അനുകൂല നിലപാടാണ് കേരള മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്. തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നോർക്കയും, കേരള മാരിടൈം ബോർഡും, മലബാർ ഡെവലപ്പ്മെന്റ് കൗൺസിലും കേരളത്തിൽ നടത്തിയ യോഗത്തിൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ ഐക്യകണ്ഠേന തീരുമാനമെടുത്തു.
തുടർ പ്രവർത്തനങ്ങൾക്ക് വിമാന – കപ്പൽ കമ്പനി പ്രതിനിധികളും, പ്രമുഖ ഓപ്പറേറ്റർമാരും, പ്രവാസി സംഘടനകളും മറ്റു ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് എംഡിസി പ്രതിനിധി സംഘം ദുബായിൽ വന്നത്. 2001 ൽ ദുബായി – കേരള സെക്ടറിൽ രണ്ടുതവണ ചാർട്ടർ കപ്പൽ സർവീസ് നടത്തി വിജയിപ്പിച്ച പരിചയസമ്പന്നനായ കരീം വെങ്ങിടങ്ങും ആയാണ് ഭാരവാഹികൾ ആദ്യ കൂടിക്കാഴ്ച നടത്തിയത്.
സർക്കാർ അനുമതി നൽകുകയാണെങ്കിൽ ആ ദൗത്യം ഏറ്റെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. വ്യോമയാന മന്ത്രാലയവും ഡിജിസിഎയും അനുമതിയും അഡീഷണൽ സീറ്റും, സൗകര്യങ്ങളും അനുവദിക്കുകയാണെങ്കിൽ നിലവിൽ ആഴ്ചയിൽ 3 സർവീസ് നടത്തുന്ന ദുബായ് – കോഴിക്കോട് സെക്ടറിൽ ഫ്ലൈ ദുബായ് സർവീസ് ദിനംപ്രതി ആക്കാമെന്നും, ആഘോഷ – അവധിവേളകളിൽ ആവശ്യമെങ്കിൽ ദിനംപ്രതി എത്ര സർവീസ് വേണമെങ്കിലും നടത്താൻ ആവശ്യമായ വിമാനങ്ങളും എല്ലാ സംവിധാനങ്ങളും ഉണ്ടെന്ന് ഫ്ലൈ ദുബായ് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് സുധീർ ശ്രീധരൻ എംഡിസി ഭാരവാഹികൾക്ക് ഉറപ്പ് നൽകി. എല്ലാ വിമാന കമ്പനികൾക്കും നടത്താൻ താല്പര്യമുള്ള സെക്ടർ ആണ് ദുബായ് – കോഴിക്കോട് എന്നും അദ്ദേഹം അറിയിച്ചു.
എംഡിസി പ്രസിഡണ്ട് ഷെവലിയാർ സി ഇ ചാക്കുണ്ണി, വൈസ് പ്രസിഡണ്ട് ജോബ് കൊള്ളന്നൂർ, യുഎഇ റീജിയൻ വൈസ് പ്രസിഡന്റ് സി എ ബ്യൂട്ടി പ്രസാദ്, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, ഫ്ലോറ ഗ്രൂപ്പ് സിഇഒ മുഹമ്മദ് റാഫി എന്നിവരാണ് നിവേദനം സമർപ്പിച്ച് ചർച്ച നടത്തിയത്. പ്രതിനിധി സംഘത്തിന് പ്രതീക്ഷയിലും അപ്പുറമുള്ള സഹകരണവും, പ്രോത്സാഹനമാണ് പ്രവാസി സംഘടനകളിൽ നിന്നും പ്രമുഖ വ്യക്തികളിൽ നിന്നും, ദൃശ്യമാധ്യമങ്ങളിൽ നിന്നും ലഭിച്ചത്.
ജൂലൈ നാലിന് മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെയും ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐഎസ്) എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പ്രവാസി സംഘടനകളുടെയും വ്യക്തികളുടെയും സംയുക്ത യോഗത്തിൽ ഭാവി പരിപാടികൾക്ക് രൂപം നൽകി കേരള സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
Middle East & Gulf
News
uniated arab emirates
അന്തര്‍ദേശീയം
കേരളം
കോഴിക്കോട്
ജില്ലാ വാര്‍ത്തകള്‍
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത