രജനികാന്ത് നായകനാവുന്ന നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ജയിലര്‍ പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. രജനികാന്തിനൊപ്പം അതിഥിവേഷമെങ്കിലും പ്രാധാന്യമുള്ള റോളില്‍ മോഹന്‍ലാല്‍ എത്തുന്നുവെന്നത് മലയാളി സിനിമാപ്രേമികളില്‍ ഈ പ്രോജക്റ്റിന്മേലുള്ള കൗതുകം വര്‍ധിപ്പിച്ച ഘടകമാണ്. ഓ​ഗസ്റ്റ് 10 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ പബ്ലിസിറ്റി മെറ്റീരിയലും വലിയ ആവേശത്തോടെയാണ് ആസ്വാദകര്‍ സ്വീകരിക്കാറ്. 
ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് കൗതുകരമായ ഒരു കാര്യമാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ പങ്കുവച്ചിരിക്കുന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനം രജനികാന്തിന്‍റെ ചിത്രം റിലീസ് ആകുന്ന ദിവസം കമ്പനിക്ക് ലീവ് നല്‍കിയിരിക്കുന്നു. ഒപ്പം ചിത്രം കാണാന്‍ ഫ്രീ ടിക്കറ്റും നല്‍കിയിരിക്കുന്നു. 
യുഎന്‍ഒ അക്വാ എന്ന സ്ഥാപനമാണ് അവരുടെ ചെന്നൈയ്ക്ക് പുറമേ എല്ലാം ബ്രാഞ്ചിലും അവധി നല്‍കിയത്. ലീവ് അപേക്ഷകള്‍ കൂടുന്നതിനാലാണ് ഇതെന്ന് സ്ഥാപനം പറയുന്നു. നമ്മുടെ മുത്തച്ഛന്‍റെ കാലം തൊട്ട് നമ്മുടെ പേരമക്കളുടെ കാലം വരെ സൂപ്പര്‍ സ്റ്റാര്‍ രജനി മാത്രമാണെന്ന് ഇത് സംബന്ധിച്ച നോട്ടീസില്‍ സ്ഥാപനം പറയുന്നു.
ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ഇത്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയാണ് ജയിലറിലൂടെ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വിനായകനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ഒഫിഷ്യല്‍ ഷോകേസ് എന്ന പേരില്‍ പുറത്തെത്തിയ 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അണിയറക്കാര്‍‌ പുറത്തുവിട്ടിരിക്കുകയാണ്. ഇതും വൈറലാകുന്നുണ്ട്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *