പൂണെ: വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ 72കാരി അറസ്റ്റിൽ. ശരീരത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ വയോധികയാണ് അറസ്റ്റിലായത്. വിമാനത്താവളത്തിൽ ശരീര പരിശോധന നടത്തുന്ന സ്ഥലത്തുവെച്ചായിരുന്നു ഇവരുടെ ഭീഷണി. ഉടൻ തന്നെ അധികൃതർ വിമാനത്താവളത്തിൽ ജാഗ്രത നിർദേശം നൽകി.
നിത പ്രകാശ് ക്രിപലാനിയെന്ന 72കാരിയാണ് അറസ്റ്റിലായത്. ഗുഡ്ഗാവിലെ സൂര്യ വിഹാറിൽ നിന്നുള്ളവരാണ് ഇവർ. ആഭ്യന്തര വിമാനയാത്രക്കായി എത്തിയ ഇവരെ സുരക്ഷാ പരിശോധനക്ക് വിധേയമാക്കുമ്പോഴാണ് ബോംബ് ഭീഷണി മുഴക്കിയത്. തന്റെ ശരീരത്തിൽ ബേംബുവെച്ചിട്ടുണ്ടെന്നായിരുന്നു ഇവർ സി.ഐ.എസ്.എഫിനോട് വെളിപ്പെടുത്തിയത്.
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും യാത്രക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. വയോധികയെ കസ്റ്റഡിയിലെടുത്ത സി.ഐ.എസ്.എഫ് ഇവരെ വിശദമായ പരിശോധനക്ക് വിധേയയാക്കി. എന്നാൽ, ഇവരുടെ ശരീരത്തിൽ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. പിന്നീട് ഇവരെ ലോക്കൽ പൊലീസിന് കൈമാറി. പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.