കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ.കെ. ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യാര്‍ഥിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. സമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് കമല്‍ഹാസന്‍ വോട്ട് അഭ്യര്‍ഥിച്ചത്.
നമ്മുടെ രാജ്യത്തെ നിലനിര്‍ത്താന്‍ കൂടിയാണ് ഇത്തവണ നമ്മള്‍ വോട്ട് ചെയ്യുന്നത്. ആ പോരാട്ടത്തില്‍ മുഖ്യകണ്ണിയാകേണ്ടവരില്‍ ഒരാളാണ് കെ.കെ. ശൈലജ. കോവിഡ് കാലത്ത് കേരളം രാജ്യത്തിന് മാതൃകയായത് കെകെ ശൈലജയുടെ നേതൃത്വത്തിലൂടെയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.
കേരളം, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഈ വ്യവസ്ഥിതിക്കെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും ശബ്ദമുയര്‍ത്തണം. ശൈലജയെ പോലെയുള്ള നേതാക്കള്‍ നമ്മള്‍ക്ക് ആവശ്യമാണെന്ന് കമലഹാസന്‍ പറഞ്ഞു.
രാജ്യത്ത് വര്‍ഗീയ ശക്തികളുയര്‍ത്തുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിന് മഹാനടന്‍ കമല്‍ഹാസന്റെ വാക്കുകള്‍ ഊര്‍ജ്ജമാകുമെന്നും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നെന്നും വീഡിയോ പങ്കുവച്ച് കെ.കെ. ശൈലജ അറിയിച്ചു.