ബംഗളൂരു: ചന്ദ്രനിലേക്ക് കുതിച്ച് ചാന്ദ്രയാന്‍ 3. ഇനിയുള്ള യാത്ര ഏറെ സങ്കീര്‍ണം. ഉല്‍ക്കാപതനവും ഗുരുത്വാകര്‍ഷണവും ഭീഷണിയാകുന്ന പാതയില്‍ സാങ്കേതികവിദ്യയുടെ മികവിലാകും പേടകം സഞ്ചരിക്കുക. 3.69 ലക്ഷം കിലോമീറ്റര്‍ പിന്നിട്ട് ശനിയാഴ്ച പേടകം ചാന്ദ്രവലയത്തിലേക്ക് കടക്കും.
ദീര്‍ഘവൃത്ത പഥത്തില്‍ ഭൂമിയെ ചുറ്റുന്ന പേടകത്തെ തിങ്കള്‍ അര്‍ധരാത്രിക്കുശേഷമാണ് ചന്ദ്രനിലേക്ക് തൊടുത്തുവിട്ടത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രം ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് (ഇസ്ട്രാക്ക്) ചൊവ്വ പുലര്‍ച്ചെ 12.02ന് ‘ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷനു’ള്ള കമാന്‍ഡ് അയച്ചു. 1,27,609 കിലോമീറ്ററില്‍നിന്ന് പഥത്തില്‍ 284 കിലോമീറ്റര്‍ അടുത്തെത്തിയപ്പോഴായിരുന്നു ഇത്.
ട്രാക്കിങ് സ്റ്റേഷനായ ഫ്രഞ്ച് ഗയാനയിലെ കുറുവിന് മുകളില്‍വച്ച് കമാന്‍ഡ് സ്വീകരിച്ച ചാന്ദ്രയാന്‍ കൃത്യതയോടെ ത്രസ്റ്റര്‍ ജ്വലിപ്പിച്ചു. പേടകം ഭൂമിയുടെ ആകര്‍ഷണവലയം ഭേദിക്കാനുള്ള കുതിപ്പ് തുടങ്ങി. 20.44 മിനിട്ട് 180 കിലോഗ്രാം ഇന്ധനം ഉപയോഗിച്ചു. ചൊവ്വ വൈകിട്ടോടെ പൂര്‍ണമായി ഭൂഗുരുത്വാകര്‍ഷണ വലയം കടന്ന് ചന്ദ്രനിലേക്കുള്ള ദീര്‍ഘവഴിയിലാകും. ഇനിയുള്ള ദിവസങ്ങളില്‍ ത്രസ്റ്ററുകള്‍ പലതവണ ജ്വലിപ്പിച്ച് പാത തിരുത്തും. ചന്ദ്രന്റെ ആകര്‍ഷണത്തിലേക്ക് കടക്കുംമുമ്പ് പേടകത്തിന്റെ വേഗം കുറയ്ക്കും. 
172  18, 058 കിലോമീറ്റര്‍ ദീര്‍ഘവൃത്ത പഥത്തിലാകും ആദ്യ ദിനങ്ങളില്‍ ചന്ദ്രനെ ചുറ്റുക. പിന്നീട് നാല് ദിവസങ്ങളിലായി പഥം താഴ്ത്തി നൂറുകിലോമീറ്ററില്‍ എത്തിക്കും. 23ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കുകയാണ് ലക്ഷ്യം. പേടകത്തെ വഴിതിരിക്കുന്ന പ്രക്രിയക്ക് നേതൃത്വം നല്‍കാന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്, വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍നായര്‍, എല്‍പിഎസ്സി ഡയറക്ടര്‍ ഡോ. വി നാരായണന്‍ തുടങ്ങിയവര്‍ ഇസ്ട്രാക്കില്‍ എത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *