ആറ്റിങ്ങല്‍: പട്ടാപ്പകല്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 50 പവന്റെ ആഭരണങ്ങളും 4.5 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ രാജസ്ഥാന്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ കേക്കരി ജില്ലയില്‍ ഭിനായി ഗ്രാമത്തില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന കിഷന്‍ലാല്‍ ബഗാരിയ (20), സണ്‍വര്‍ലാല്‍ ബഗാരിയ (25) എന്നിവരാണ് അറസ്റ്റിലായത്. 
കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ വലിയകുന്ന് കോസ്മോ ഗാര്‍ഡന്‍സില്‍ ദന്തല്‍സര്‍ജനായ ഡോ. അരുണ്‍ ശ്രീനിവാസിന്റെ വീട്ടില്‍ ഈ മാസം ആറിനാണ് മോഷണം നടന്നത്.അരുണിന്റെ അമ്മമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി കുടുംബാംഗങ്ങളെല്ലാം ആറിന് രാവിലെ വര്‍ക്കലയിലേക്ക് പോയിരുന്നു. 
രാത്രി 9.15-നാണ് തിരിച്ചെത്തിയത്. അപ്പോഴാണ് വീട് കുത്തിത്തുറന്നിരിക്കുന്നതായും കൊള്ളനടന്നതായും അറിയുന്നത്. ഉടന്‍തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ വി. ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. 
സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ പ്രതികളിലേക്കെത്തിച്ചത്. റോഡിലും ഉത്സവസ്ഥലങ്ങളിലുമെല്ലാം കളിപ്പാട്ടങ്ങള്‍ വില്‍ക്കാന്‍ നടക്കുന്ന സംഘത്തിലെ ചിലര്‍ സംഭവദിസവം പ്രദേശത്ത് ചുറ്റിനടന്നിരുന്നതായി ദൃശ്യങ്ങളില്‍ കണ്ടെത്തി. 
അന്വേഷണം നടത്തുന്നതിനിടെ വെഞ്ഞാറമൂട്ടില്‍ തമ്പടിച്ചിരുന്ന ചിലര്‍ രാജസ്ഥാനിലേയ്ക്ക് കടന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ എസ്.ഐ. ആദര്‍ശിന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ രാജസ്ഥാനിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *