കോഴിക്കോട് – രാജ്യതലസ്ഥാനമായ ന്യൂദൽഹിയിൽ ആസ്ഥാന മന്ദിരം (ഖാഇദെ മില്ലത്ത് സെന്റർ) പണിയാനായി മുസ്‌ലിംലീഗ് ഒരുമാസത്തിനകം പിരിച്ചെടുത്തത് 26,77,44,658 രൂപ (ഇരുപത്തി ആറ് കോടി എഴുപത്തി ഏഴ് ലക്ഷത്തി നാൽപത്തി നാലായിരത്തി അറുനൂറ്റി അമ്പത്തി എട്ടു രൂപ).
ഫണ്ട് സമാഹരണം ആരംഭിച്ച് ജൂലൈ ഒന്നുമുതൽ ജൂലൈ 31ന് രാത്രി 12 മണിവരെയായി ലഭിച്ച തുകയാണിതെന്ന് മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. 25 കോടി രൂപയാണ് പാർട്ടി ടാർജറ്റായി നിശ്ചയിച്ചതെങ്കിലും അതിലും വലിയ തുകയാണ് പ്രവർത്തകരും പൊതുസമൂഹവും സംഭാവന ചെയ്തതെന്ന് നേതാക്കൾ പറഞ്ഞു.
ഇതിൽ ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്ത ജില്ല മലപ്പുറമാണ്. ഒൻപത് കോടി എൻപത്തി രണ്ട് ലക്ഷത്തി എൺപത്തി ഒന്നായിരത്തി മുന്നൂറ്റി എൺപത്തി രണ്ട് രൂപ. (ഇത് പത്തു കോടി രൂപയാക്കുമെന്ന് മലപ്പുറം ജില്ലാ ലീഗ് നേതാക്കൾ ചടങ്ങിൽ അറിയിച്ചു). ജില്ലാടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്ത് കോഴിക്കോട് ജില്ലയാണ്. അഞ്ചു കോടി 84 ലക്ഷത്തിൽ പരം രൂപയാണ് കോഴിക്കോട് ജില്ല സമാഹരിച്ചുനൽകിയത്. മൂന്നാംസ്ഥാനത്ത് മൂന്ന് കോടി 97 ലക്ഷത്തിൽ പരം രൂപ സംഭാവന ചെയ്ത കണ്ണൂരിനാണ്. രണ്ടുകോടി 86 ലക്ഷത്തിൽ പരം രൂപ നൽകിയ കാസർഗോഡ് ജില്ലയാണ് നാലാംസ്ഥാനത്തുള്ളത്.
അസംബ്ലി മണ്ഡലങ്ങളിൽ ഏഴ് കോടി നൽകിയ വേങ്ങര മണ്ഡലമാണ് ഏറ്റവും മുന്നിൽ. ഒരു കോടിയിൽ പരം രൂപ നൽകിയ കൊണ്ടോട്ടി മണ്ഡലമാണ് രണ്ടാംസ്ഥാനത്ത്. 94 ലക്ഷത്തിൽ പരം രൂപ നൽകിയ മലപ്പുറവും 91 ലക്ഷത്തിൽ പരം രൂപ സംഭാവന ചെയ്ത കൂത്തുപറമ്പ് മണ്ഡലവുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്.
പഞ്ചായത്ത് തലത്തിൽ മലപ്പുറം ജില്ലയിലെ എ.ആർ നഗർ പഞ്ചായത്ത് 31 ലക്ഷത്തിൽ പരം രൂപ പിരിച്ച് ഒന്നാമതെത്തിയപ്പോൾ കണ്ണൂർ ജില്ലയിലെ തൃക്കോട്ടൂർ പഞ്ചായത്ത് 29 ലക്ഷം രൂപ നൽകി രണ്ടാം സ്ഥാനത്തെത്തി. 22 ലക്ഷം രൂപ നൽകിയ കാസർഗോഡ് ജില്ലയിലെ ചെങ്ങള പഞ്ചായത്താണ് മൂന്നാം സ്ഥാനത്ത്.
മുൻസിപ്പാലിറ്റികളിൽ 32 ലക്ഷം രൂപ പിരിച്ച് കണ്ണൂർ ജില്ലയിലെ പാനൂർ മുൻസിപ്പാലിറ്റിയും 31 ലക്ഷം രൂപയുമായി കാസർഗോഡ് മുൻസിപ്പാലിറ്റിയും 30 ലക്ഷം രൂപയുമായി മലപ്പുറം മുൻസിപ്പാലിറ്റിയും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി.
യൂണിറ്റ് തലത്തിൽ 14.5 ലക്ഷം രൂപ പിരിച്ച കണ്ണൂർ ജില്ലയിലെ കടവത്തൂർ ടൗൺ യൂണിറ്റാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
ക്രൗഡ് ഫണ്ടിംഗ് വൻ വിജയമാക്കിയവരെ നേതാക്കൾ പ്രത്യേകം അഭിനന്ദിച്ചു. ഏറ്റവും കൂടുതൽ ഫണ്ട് നൽകിയ ആദ്യ നൂറ് പഞ്ചായത്തുകളെയും 25 മണ്ഡലം കമ്മിറ്റികളെയും 15 മുൻസിപ്പാലിറ്റികളെയും 10 ടോപ്പ് വളണ്ടിയർമാരെയും കോഴിക്കോട്ട് നടത്തുന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് പ്രത്യേകം ആദരിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
രാജ്യതലസ്ഥാനത്ത് പാർട്ടിക്ക് ഒരു ആസ്ഥാനമെന്ന പ്രവർത്തകരുടെ ചിരകാല സ്വപ്നവും ഖാഇദെ മില്ലത്ത് എന്ന മഹാനായ നേതാവിനോടുള്ള ആദരവും ഒത്തുചേർന്നതോടെ നിശ്ചിത ക്വാട്ടയും മറികടന്നാണ് പല മേഖലകളിലും ഫണ്ട് സമാഹരണം മുന്നോട്ട് പോയതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നവംബറിൽ ദൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം നടക്കുമെന്നും വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്ത് നടന്ന ഓൺലൈൻ ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് മുൻ സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്, സി.കെ സുബൈർ, അഡ്വ. ഫൈസൽ ബാബു, ടി.പി അശ്‌റഫലി അടക്കമുള്ള വിവിധ നേതാക്കൾ പ്രവർത്തകർക്ക് ആവേശം പകർന്നു. ഒരു തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആവേശ പ്രതീതിയാണ് ക്രൗഡ് ഫണ്ടിംഗിന്റെ അവസാന മണിക്കൂറുകൾ പ്രവർത്തകർക്ക് സമ്മാനിച്ചത്. ഇത് ഫണ്ട് ഓഴുക്കിനും കൂടുതൽ സഹായകമായി.
മുസ്‌ലിം ലീഗ് ദേശീയ നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽവഹാബ് എം.പി, സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം അടക്കമുള്ള വിവിധ നേതാക്കളും സാധാ പ്രവർത്തകരും ഓൺലൈനിൽ വന്ന് ചടങ്ങിൽ പങ്കാളികളായി. തിങ്കാളാഴ്ച രാത്രി 11.29ന് 26 കോടി രൂപ അക്കൗണ്ടിൽ എത്തിയതോടെ പാണക്കാട് സാദിഖലി തങ്ങൾ കേക്ക് മുറിച്ച് പ്രവർത്തകർക്ക് വിതരണംചെയ്തു. നിശ്ചിത സമയത്ത് പല പ്രവർത്തകരും ഓൺലൈനിൽ പണമടയ്ക്കാനായി ക്യൂവിലായതിനാൽ തുക ഇനിയും കൂടുമെന്നു തന്നെയാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
2023 July 31KeralaIUML COLLECTION DETAILStitle_en: IUML COLLECTION DETAILS