റഷ്യയിലെ മോസ്‌കോ ഭീകരാക്രമണത്തില്‍ യുക്രൈന് പങ്കുണ്ടെന്ന റഷ്യന്‍ പ്രസിഡന്റ് വല്‍ദിമര്‍ പുടിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളി അമേരിക്ക. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസിന് മാത്രമാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവിച്ചു. തങ്ങള്‍ക്ക് പങ്കില്ലാത്ത ഒരു കാര്യത്തില്‍ തങ്ങള്‍ക്ക് മേല്‍ കുറ്റം കെട്ടിവയ്ക്കാന്‍ റഷ്യ മനപൂര്‍വം ശ്രമിക്കുന്നതായി യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കിയും പ്രതികരിച്ചു. റഷ്യയുടെ ആരോപണം ശുദ്ധ അസംബന്ധമെന്നായിരുന്നു യുക്രൈന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രതികരണം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. സംഗീത പരിപാടി നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ച ആയുധ ധാരികളായ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.ഗ്രനേഡുകളും ബോംബുകളും ഉപയോഗിച്ച് സ്ഫോടനവും നടത്തിയിരുന്നു. ഇതോടെ ഹാളിന് തീപിടിച്ചു. തീപടര്‍ന്ന് ഹാളിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു. വെടിവയ്പ്പിനെത്തുടര്‍ന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലര്‍ മരിച്ചത്.
സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികള്‍ എത്തിയിരുന്നത്.എന്നാല്‍ ഇതുവരെ എല്ലാ വിവരങ്ങളും ശേഖരിച്ച് കഴിഞ്ഞില്ലെങ്കില്‍ യുക്രൈനിന് പങ്കില്ലെന്ന് തീര്‍ത്തുപറയാന്‍ വൈറ്റ് ഹൗസിന് എങ്ങനെ സാധിക്കുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു. തീവ്രവാദി ആക്രമണത്തിലെ യുക്രൈന്റെ പങ്ക് മറച്ചുവയ്ക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്നും റഷ്യ കുറ്റപ്പെടുത്തി.
മോസ്‌കോയില്‍ വെടിവയ്പ്പ് നടത്തിയ നാല് തോക്കുധാരികളുള്‍പ്പെടെ 11 പേരെ റഷ്യ പിടികൂടിയിട്ടുണ്ട്. ഇവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്ന് വല്‍ദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. പ്രതികള്‍ യുക്രൈനിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ യുക്രൈന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും പുടിന്‍ പറഞ്ഞിരുന്നു. എന്നാല്‍ അക്രമികള്‍ക്ക് യുക്രൈനുമായി ഏതെങ്കിലും ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed