ജോര്‍ജ്ജ് കള്ളിവയലില്‍
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു വലിയ വിവാദമാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലുള്ള ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്.
ആം ആദ്മി പാർട്ടിയുടെ ദേശീയ കണ്‍വീനറും ഇന്ത്യ മുന്നണിയുടെ പ്രധാന നേതാവുമായ കേജരിവാളിന്റെ അറസ്റ്റിനു തെരഞ്ഞെടുത്ത സമയം പ്രധാനമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുന്പോൾ ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവനെ അറസ്റ്റ് ചെയ്തതു രാഷ്ട്രീയപ്രേരിതം അല്ലെന്നു ബോധ്യപ്പെടുത്താനാകും പ്രയാസം. തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികൾക്കും തുല്യാവസരവും തുല്യനീതിയും ഉറപ്പാക്കേണ്ട തെരഞ്ഞെടുപ്പു കമ്മീഷൻ ഉറക്കത്തിലാണ്.
ഒരു രാത്രിയെങ്കിലും കസ്റ്റഡിയിൽ കഴിയാതെ മുഖ്യമന്ത്രിക്കു മോചനം ഉണ്ടാകരുതെന്നുകൂടി കണക്കുകൂട്ടിയാണ് ഇഡി ഉദ്യോഗസ്ഥർ രാത്രിയിൽ മുഖ്യമന്ത്രിയുടെ വീട്ടിൽ പതുങ്ങിയെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതാണ്. രാത്രി മുഴുവൻ ഒരു മുഖ്യമന്ത്രി ഇഡിയുടെ കസ്റ്റഡിയിൽ കഴിഞ്ഞു.
കേസ് രാഷ്ട്രീയപ്രേരിതമായതിനാൽ ഇഡിയുടെ മുന്നിൽ നേരിട്ടു ഹാജരാകില്ലെന്നും വീഡിയോ കോണ്‍ഫറൻസിൽ ഉത്തരം നൽകാമെന്നും നിലപാടെടുത്താണ് ഒന്‍പത് സമൻസുകൾ മുഖ്യമന്ത്രി തള്ളിയത്. ജാമ്യത്തിനായി കേജരിവാൾ ഇന്നലെ റോസ് അവന്യു കോടതിയെ സമീപിച്ചെങ്കിലും രാത്രി വൈകി വന്ന ഉത്തരവും അനുകൂലമായില്ല. ഏഴു ദിവസം ഇഡി കസ്റ്റഡിയിൽ തുടരും.
പക്ഷപാത ഇഡി കേസുകൾ
ഫെഡറൽ ജനാധിപത്യ വ്യവസ്ഥയുള്ള രാജ്യത്തു പ്രധാനമന്ത്രി പോലെ പ്രധാനപ്പെട്ട ഭരണഘടനാ പദവിയാണ് മുഖ്യമന്ത്രിയുടേത്. വ്യക്തവും ശക്തവുമായ തെളിവില്ലാതെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ പാടില്ലാത്തതാണ്. വാട്ട്സ്ആപ്പ് സന്ദേശവും ചില സാക്ഷിമൊഴികളും മറ്റുമാണ് തെളിവായി കോടതിയിൽ പറഞ്ഞത്. ജനങ്ങൾക്ക് ഇതിൽ സംശയങ്ങൾ ഉയരുക സ്വാഭാവികം.
ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം അറസ്റ്റ് നടത്തിയിരുന്നെങ്കിൽ അതിനു ന്യായമുണ്ട്. 2021ലെ ഡൽഹി മദ്യനയക്കേസിൽ 2022 സെപ്റ്റംബറിൽ റെയ്ഡ് നടത്തിയതാണ്. ഇത്രകാലം വൈകിക്കാമെങ്കിൽ, രണ്ടു മാസംകൂടി വൈകിയാലും ഒന്നും സംഭവിക്കില്ല.
സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ഓഫീസിൽ വിളിച്ചുവരുത്തി ദിവസങ്ങളോളം ചോദ്യം ചെയ്തു വാർത്ത സൃഷ്ടിച്ചിട്ട് എന്തായെന്നു സർക്കാർ പറയണം. കർണാടക തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ റെയ്ഡ് ചെയ്തതും തഥൈവ. രാഷ്ട്രീയ നേതാക്കൾക്കെതിരേയുള്ള 121 കേസുകളിൽ 115 എണ്ണവും പ്രതിപക്ഷ നേതാക്കൾക്കെതിരേ മാത്രമായതിൽ രാഷ്ട്രീയവേട്ട മണക്കും.
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നു പറയുന്നവർ വൻ അഴിമതിക്കേസുകളിൽ ഉൾപ്പെട്ട കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ മുതൽ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വരെ ബിജെപി പക്ഷത്തെത്തിയ നിരവധി പേർക്കെതിരേ അന്വേഷണം പോലും ഇല്ലാതാക്കിയെന്നതാകും വിരോധാഭാസം. ഇലക്ടറൽ ബോണ്ടിലൂടെ ബിജെപിക്ക് കോടിക്കണക്കിനു രൂപ കൊടുത്ത ലോട്ടറി മാഫിയക്കാരൻ സാന്റിയാഗോ മാർട്ടിനടക്കം ആർക്കെതിരേയും ഇഡിയുടെ അറസ്റ്റ് ഉണ്ടായില്ലെന്നതും ജനം കാണുന്നുണ്ട്.
ഇന്ദിരയ്ക്ക് സഹതാപതരംഗം
ഡൽഹി മദ്യനയത്തിൽ അഴിമതി ഉണ്ടെന്നതിലും നടപടി വേണമെന്നതിലും സംശയമില്ല. കേജരിവാളിനെതിരേ നേരിട്ടു തെളിവുണ്ടോയെന്നതും ഇതിലും വലിയ അഴിമതിക്കാർക്കും കോർപറേറ്റ് കുത്തകകൾക്കുമെതിരേ നടപടി ഇല്ലാത്തതെന്ത് എന്നതുമാണു ചോദ്യം.
ഇതേ മദ്യനയക്കേസിൽ തെലുങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും ബിആർഎസിന്റെ മുൻ എംപിയുമായ കെ. കവിതയെയും കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും സിബിഐ അറസ്റ്റ് ചെയ്തു. സിസോദിയ ഇപ്പോഴും ജയിലിലാണ്. കേജരിവാളിനെ ഇതേവരെ ഒരു കോടതിയും കുറ്റക്കാരനായി വിധിച്ചിട്ടുമില്ല.
മോദിയുടെ കാലത്ത് ആദ്യമായി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തുവെന്നതു ചരിത്രത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. പല മുൻ മുഖ്യമന്ത്രിമാരും അറസ്റ്റിലായിട്ടുണ്ടെങ്കിലും മുൻ പ്രധാനമന്ത്രിമാരിൽ ഇന്ദിരാഗാന്ധി മാത്രമാകും അറസ്റ്റിലായത്. 1977 ഒക്ടോബർ മൂന്നിന് അന്നത്തെ മൊറാർജി ദേശായി സർക്കാരാണ് ഇന്ദിരയെ അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ജീപ്പുകൾ സംഘടിപ്പിക്കാനായി അധികാരം ദുർവിനിയോഗം ചെയ്തുവെന്നായിരുന്നു ആരോപണം. രാഷ്ട്രീയ പ്രതികാരം തീർത്ത നടപടിക്കുശേഷം ഒന്നര വർഷത്തിനകം മൊറാർജി സർക്കാർ വീണു.
ഇന്ദിരയ്ക്ക് അനുകൂലമായി സഹതാപതരംഗം സൃഷ്ടിക്കാനേ അന്നത്തെ അറസ്റ്റ് വഴിതെളിച്ചുള്ളൂ. കേജരിവാളിന്റെ അറസ്റ്റ് മോദിക്കു തിരിച്ചടിയാകുമോയെന്ന് ഡൽഹിയിലെ ജനവിധിയിൽ അറിയാം. അതെന്തായാലും പ്രതിപക്ഷത്ത് ഐക്യവും പുതിയ ഉണർവും നൽകാൻ മുഖ്യമന്ത്രിയുടെ അറസ്റ്റ് കാരണമായി.
അറസ്റ്റിനുശേഷം കുറ്റവിമുക്ത
തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 1996ൽ കളർ ടിവി അഴിമതിക്കേസിൽ കോടതി ശിക്ഷിച്ചപ്പോൾ രാജിവച്ച ശേഷമാണ് ജയലളിതയെ അറസ്റ്റ് ചെയ്തത്. തെളിവില്ലെന്നു കണ്ട് 2009ൽ മദ്രാസ് ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കി. വീണ്ടും അവർ മുഖ്യമന്ത്രിയാകുകയും ചെയ്തു. 2009 ജൂണ്‍ 30ന് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയെ അദ്ദേഹത്തിന്റെ വീട്ടിലെ കിടക്കയിൽനിന്നു വലിച്ചിഴച്ച് അറസ്റ്റ് ചെയ്തതും മറക്കാറായിട്ടില്ല.
അന്ന് 78 വയസുള്ള കരുണാനിധിയെ വസ്ത്രം മാറാൻ പോലും ജയലളിതയുടെ പോലീസ് അനുവദിച്ചില്ല. ഈ കേസിൽ ഒരിക്കലും കരുണാനിധിയെ കുറ്റക്കാരനായി വിധിച്ചതുമില്ല. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ കഴിഞ്ഞ ജനുവരി 31നാണ് ഇഡി അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കേജരിവാളിനും കെ. കവിതയ്ക്കും മുന്‍പ് അറസ്റ്റിലായ സോറൻ ഇപ്പോഴും ഇഡി കസ്റ്റഡിയിലാണ്.
ഇഡിയുടെ എട്ടു മണിക്കൂർ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ഉറപ്പായപ്പോൾ സോറൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. ലാലുപ്രസാദ് യാദവിനെ 1996ലും ഉമാഭാരതിയെ 2004ലും മധു കോഡയെ 2006ലും ബി.എസ്. യെദിയൂരപ്പയെ 2011ലും ചന്ദ്രബാബു നായിഡുവിനെ 2023ലും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അവരെല്ലാം മുൻ മുഖ്യമന്ത്രിമാരായിരുന്നു.
വാളെടുത്തവൻ വാളാലേ…
അഴിമതിക്കെതിരേ കുരിശുയുദ്ധം നടത്തി അധികാരത്തിലെത്തിയ കേജരിവാളിനെ അഴിമതിക്കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തു എന്നതാണു ശ്രദ്ധേയം. ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റിലൂടെ കേന്ദ്രസർക്കാരിനു നേരിട്ട പല തിരിച്ചടികളും, രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി അടക്കം ജനകീയ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധതിരിക്കാൻ കഴിഞ്ഞു.
സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ട് അഴിമതിയുടെ വിശദാംശങ്ങൾ, തമിഴ്നാട്ടിൽ കെ. പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാൻ ആദ്യം വിസമ്മതിച്ച ഗവർണർ ആർ.എൻ. രവിക്കെതിരേ സുപ്രീംകോടതി നടത്തിയ രൂക്ഷ വിമർശനം തുടങ്ങിയവയ്ക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ട്.
പുതിയ തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം സ്റ്റേ ചെയ്തില്ലെങ്കിലും നടപടിക്രമത്തിലെ അമിതവേഗത്തിനെതിരേ സുപ്രീംകോടതി നടത്തിയ വിമർശനം, സർക്കാർവിരുദ്ധ വാർത്തകളെ ചാപ്പ കുത്തി തടയാനുള്ള കേന്ദ്രസർക്കാരിന്റെ പിഐബി വസ്തുതാപരിശോധനാ വിജ്ഞാപനം സുപ്രീംകോടതിയുടെ സ്റ്റേ ചെയ്തത്, കോണ്‍ഗ്രസിനെ സാന്പത്തികമായി തളർത്താനുള്ള ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരേ സോണിയാ ഗാന്ധിയും രാഹുലും മല്ലികാർജുൻ ഖാർഗെയും നടത്തിയ അപൂർവ പത്രസമ്മേളനം, പ്രധാനമന്ത്രി മോദിയുടെ വികസിത് ഭാരത് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ തടയാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം തുടങ്ങിയവയെല്ലാം ഫലത്തിൽ കേന്ദ്രസർക്കാരിനും മോദിക്കും ബിജെപിക്കും തിരിച്ചടികളാണ്.
മറപിടിക്കുന്ന അഴിമതികൾ
വലിയ പ്രശ്നങ്ങൾ പലതുണ്ടെങ്കിലും ഇലക്ടറൽ ബോണ്ടിന്റെ മറവിൽ നടന്ന അഴിമതിയുടെ വ്യാപ്തി വലുതാണ്. കേജരിവാളിന്റെ അറസ്റ്റിനു കാരണമായ ഡൽഹി മദ്യനയ കേസുമായി ഇലക്ടറൽ ബോണ്ടിന് നേരിട്ടു ബന്ധമുണ്ടായതും യാദൃച്ഛികമല്ല. മദ്യനയക്കേസിൽ 2022 നവംബർ പത്തിന് ഇഡി അറസ്റ്റ് ചെയ്ത ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി പി. ശരത്ചന്ദ്ര റെഡ്ഢിയെ മാപ്പുസാക്ഷിയാക്കി രക്ഷപ്പെടുത്തിയതിനു പിന്നിൽ ഇലക്ടറൽ ബോണ്ട് കൈക്കൂലിയാണെന്നു വ്യക്തമായി.
ഇഡി അറസ്റ്റ് ചെയ്ത് അഞ്ചു ദിവസത്തിനുശേഷം ഇതേ റെഡ്ഢിയുടെ കന്പനിയായ അരബിന്ദോ ഫാർമ ലിമിറ്റഡ് ബിജെപിക്ക് അഞ്ചു കോടി രൂപ ഇലക്ടറൽ ബോണ്ടായി കൊടുത്തു. നവംബർ 21ന് ബിജെപി അതു പണമാക്കി. ഇതോടെ റെഡ്ഢിക്ക് ജാമ്യം തരപ്പെട്ടു.
ഡൽഹി ഹൈക്കോടതിയിൽ റെഡ്ഢിയുടെ ജാമ്യാപേക്ഷയെ ഇഡി എതിർത്തില്ല. ആരോഗ്യകാരണങ്ങൾ പറഞ്ഞ് 2023 മേയിൽ റെഡ്ഢി ജാമ്യത്തിൽ പുറത്തിറങ്ങി. ജൂണിൽ ഇദ്ദേഹത്തെ കേസിൽ മാപ്പുസാക്ഷിയാക്കി വിടുതൽ ചെയ്തു. ഇതിനു പ്രത്യുപകാരം വൈകാതെ ഉണ്ടായി.
രണ്ടു മാസത്തിനുശേഷം റെഡ്ഢിയുടെ ഫാർമ കന്പനി 25 കോടി രൂപകൂടി ബിജെപിക്കു നൽകി. റെഡ്ഢിയുടെ കന്പനി ആകെ വാങ്ങിയ 52 കോടിയുടെ ബോണ്ടുകളിൽ 34.5 കോടിയും ബിജെപിക്കു കൊടുത്തു.
ഹൈദരാബാദ് കന്പനിയായതിനാൽ അവിടെ ഭരണമുണ്ടായിരുന്ന ബിആർഎസിന് 15 കോടിയും ആന്ധ്രയിലെ ബിജെപിയുടെ സഖ്യകക്ഷി തെലുങ്കുദേശം പാർട്ടിക്ക് 2.5 കോടിയും കൊടുത്തു. തെലുങ്കാനയിൽ ഭരണം തിരികെപിടിച്ച കോണ്‍ഗ്രസിന് നയാപൈസ കൊടുക്കാതിരുന്നതും ബിജെപിയോടുള്ള നന്ദിപ്രകടനമാകും. ഇലക്ടറൽ ബോണ്ട് കൊടുത്ത പ്രധാന കന്പനികളെല്ലാംതന്നെ ഇഡി, ആദായനികുതി, സിബിഐ അന്വേഷണത്തിലോ, നോട്ടീസിലോ ഉള്ളവർ ആയതിൽ കൃത്യമായ സൂചനയുണ്ട്.
കൈക്കൂലിക്ക് നിയമമുണ്ടാക്കി!
ഇലക്ടറൽ ബോണ്ടുകളിലൂടെ 2019 ഏപ്രിൽ 12 മുതൽ ബിജെപി പോക്കറ്റിലാക്കിയത് 6,060 കോടി രൂപയാണ്. 2018 മാർച്ച് മുതൽ 2019 ഏപ്രിൽ വരെയുള്ള കാലയളവിൽ ഇതേ ബോണ്ടുകളായി ബിജെപി വാങ്ങിയത് 8,251.8 കോടി രൂപയും. മൊത്തം 14,311.8 കോടി രൂപ. ഇതിൽ 2019 ഏപ്രിൽ മുതലുള്ള കണക്കുകൾ മാത്രമാണു പൊതുവേ മാധ്യമങ്ങളിൽ വരുന്നത്.
ഇലക്ടറൽ ബോണ്ടിലെ വിശദാംശങ്ങൾ എഴുതാൻ നിരവധി പേജുകൾ വേണ്ടിവരും. ഏതെങ്കിലും പാർട്ടിക്കു ലഭിച്ച ഏറ്റവും വലിയ തുകയും ബിജെപിക്കാണ്. ദേശീയപാതയിലെ ടണൽ അടക്കം വൻകിട കരാറുകൾ നൽകിയ ഹൈദരാബാദിലെ മേഘ എൻജിനിയറിംഗ് എന്ന സ്വകാര്യ കന്പനി മാത്രം ബിജെപിക്കു കൊടുത്തത് 584 കോടി രൂപയാണ്.
രാജ്യത്തു വലിയ കോളിളക്കമുണ്ടാക്കിയ ബോഫോഴ്സ് ഇടപാടിൽ പോലും ആകെ 1,437 കോടിയായിരുന്നു അഴിമതിയാരോപണം. ആ സ്ഥാനത്താണ് കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഭരണവും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ചു ഭരണകക്ഷി 14,311 കോടി രൂപ നിയമപരമായ കൈക്കൂലിയായി തട്ടിയെടുത്തത്.
അഴിമതി ബോധ്യപ്പെട്ടതിനാലാണു ബോണ്ട് പദ്ധതി അപ്പാടെ സുപ്രീംകോടതി റദ്ദാക്കിയത്. അഴിമതി നടത്താനും കൈക്കൂലി വാങ്ങാനും നിയമമുണ്ടാക്കിയ രാജ്യമെന്ന കുപ്രസിദ്ധി ഇന്ത്യക്കു നേടിക്കൊടുത്തുവെന്നതാണ് ജനാധിപത്യം നേരിടുന്ന ദുരന്തം.