ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ 6 ദിവസത്തെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ആം ആദ്മി പാർട്ടി. ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് ആം ആദ്മി പാർട്ടി അപലപിച്ചു. ജനാധിപത്യത്തെ കൊലചെയ്യുന്നതിന് ജനങ്ങൾ സാക്ഷിയാണെന്ന് മന്ത്രിയായ അതിഷി മർലേന പറഞ്ഞു.
അതേസമയം, താൻ ജയിലിൽ നിന്ന് ഭരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാളും പറഞ്ഞു. “ഒന്നിനേയും പേടിയില്ല. എന്തും നേരിടാൻ തയ്യാറാണ്. കഴിഞ്ഞ ദിവസം രാത്രി ഇ.ഡി. ചോദ്യംചെയ്തില്ല. ഇത്ര പെട്ടെന്ന് ഇ.ഡി. അറസ്റ്റ് ചെയ്യുമെന്ന് കരുതിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്ത കേജ്‌രിവാളിനെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. ഇ ഡി ആസ്ഥാനത്ത് നിന്നും റോസ് അവന്യൂ കോടതി വരെയുള്ള ഇടങ്ങളിലെല്ലാം പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസുകാരെ വിന്യസിച്ചിരുന്നു.
കോടതി പരിസരത്തും കനത്ത പൊലീസ് വലയമാണ് തീർത്തിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിൻ്റെ സെക്ഷന്‍ 19 പ്രകാരമാണ് അരവിന്ദ് കേജ്‌രിവാളിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് വാദത്തിനിടെ ഇ.ഡി. കോടതിയെ അറിയിച്ചു.