മോസ്കോ: റഷ്യയെ നടുക്കിയ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാൾ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്.
സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് ഐഎസ് സ്ഥിരീകരിച്ചത്. രാജ്യത്തെ നടുക്കിയ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ചു. 145 പേർക്കോളം പരിക്കേറ്റിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. 
അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ബ്രാഞ്ച് മോസ്കോയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.
വിവരങ്ങൾ റഷ്യൻ ഉദ്യോഗസ്ഥരുമായി പങ്കിട്ടതായും യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. അതേ സമയം സ്ഫോടനത്തിനും വെടിവെയ്പ്പിനും  ശേഷം അക്രമികൾക്ക് എന്ത് സംഭവിച്ചുവെന്നത് സംബന്ധിച്ച് വ്യക്തതയില്ല, 
ഹാളിന്റെ മേൽക്കൂര തകർത്തുകൊണ്ടുള്ള ആക്രമണം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ റഷ്യയിൽ നടക്കുന്ന ഏറ്റവും മാരകമായ ആക്രമണമായാണ് വിലയിരുത്തപ്പെടുന്നത്. ഉക്രെയ്നുമായുള്ള യുദ്ധം മൂന്നാം വർഷത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഇത്തരത്തിലൊരു മാരകമായ ആക്രമണം റഷ്യയ്ക്ക് നേരെ ഉണ്ടാവുന്നതെന്നും ശ്രദ്ധേയമാണ്.  
മോസ്കോയുടെ പടിഞ്ഞാറൻ മേഖലയിലുള്ള 6,200 പേർക്ക് ഇരിക്കാവുന്ന വലിയ  വേദിയായ ക്രോക്കസ് സിറ്റി ഹാളിൽ അക്രമികൾ പൊട്ടിത്തെറിക്കുകയും ജനക്കൂട്ടത്തിന് ഇടയിലേക്ക് വെടിയുതിർക്കുകയുമായിരുന്നു. വേദിയടക്കം സ്ഫോടനത്തിൽ തകർന്നു.
റഷ്യൻ റോക്ക് ബാൻഡായ പിക്നിക്കിന്റെ സംഗീത പ്രകടനത്തിനായി വലിയ ജനക്കൂട്ടം തന്നെ ഹാളിലേക്ക് എത്തിയിരുന്നു. ആക്രമണത്തിൽ അറുപതിലധികം പേർ കൊല്ലപ്പെട്ടതായി സംസ്ഥാന ക്രിമിനൽ അന്വേഷണ ഏജൻസിയായ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയാണ് ശനിയാഴ്ച പുലർച്ചെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പരിക്കേറ്റ 145 പേരുടെ പട്ടിക ആരോഗ്യ അധികൃതർ പുറത്തുവിട്ടു – അവരിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെയുണ്ട്.  

By admin

Leave a Reply

Your email address will not be published. Required fields are marked *