വാഷിംഗ്ടണ്‍: ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ കിഡ്‌നി മനുഷ്യനില്‍ ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചു. അമേരിക്കയിലാണ് സംഭവം നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതര വൃക്കരോഗം ബാധിച്ച 62 വയസ്സുള്ള ഒരാൾക്കാണ് ശസ്ത്രക്രിയ നടത്തിയത്. ശനിയാഴ്ച നടന്ന ശസ്ത്രക്രിയ നാലു മണിക്കൂറോളം നീണ്ടതായി മസാച്യുസെറ്റ്സ് ജനറൽ ആശുപത്രി അറിയിച്ചു.
രോഗികള്‍ക്ക് എളുപ്പത്തില്‍ അവയവങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലെ പ്രധാന നാഴികക്കല്ലാണ് ഇതെന്ന് എംജിഎച്ച് ആശുപത്രി അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അവയവങ്ങളുടെ ദൗർലഭ്യം ലോകമെമ്പാടുമുള്ള ഒരു വിട്ടുമാറാത്ത പ്രശ്നമാണ്. എംജിഎച്ചിൽ മാത്രം 1,400-ലധികം രോഗികൾ വൃക്ക മാറ്റിവയ്ക്കലിനായി വെയിറ്റിംഗ് ലിസ്റ്റിലുണ്ടെന്ന് ആശുപത്രി അറിയിച്ചു.
ഇത്തരം ട്രാന്‍സ്പ്ലാന്റിലൂടെ ലോകമെമ്പാടുമുള്ള വൃക്ക തകരാറിലായ ദശലക്ഷക്കണക്കിന് രോഗികൾക്ക് ജീവൻ നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഓപ്പറേഷൻ നടത്തിയ ടീമിലെ അംഗം ഡോ.ടാറ്റ്സുവോ കവായ് പറഞ്ഞു.
ട്രാൻസ്പ്ലാൻറിനായി ഉപയോഗിച്ച പന്നിയുടെ വൃക്ക മസാച്യുസെറ്റ്സിലെ ഇജെനിസിസ് എന്ന ബയോടെക് കമ്പനി നൽകിയതാണ്. ഹാനികരമായ പന്നി ജീനുകൾ നീക്കം ചെയ്യുന്നതിനും ചില മനുഷ്യ ജീനുകൾ ചേർക്കുന്നതിനുമായി ജനിതകമാറ്റം വരുത്തിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇത് വൈദ്യശാസ്ത്രത്തിലെ പുതിയ നേട്ടമാണെന്നും ആഗോളതലത്തിൽ വൃക്ക തകരാറിലായ ദശലക്ഷക്കണക്കിന് രോഗികളുടെ ജീവിതത്തെ മാറ്റുന്നതിനുള്ള ജീനോം എഞ്ചിനീയറിംഗിൻ്റെ കഴിവ് തെളിയിക്കുന്നുവെന്നും ഇജെനെസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മൈക്ക് കർട്ടിസ് പറഞ്ഞു.
മസാച്യുസെറ്റ്‌സിലെ വെയ്‌മൗത്തിലെ റിച്ചാർഡ് സ്ലേമാൻ എന്ന രോഗിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഇദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്. ടൈപ്പ് 2 പ്രമേഹവും രക്താതിസമ്മർദ്ദവും ഉള്ള സ്ലേമാന് 2018 ൽ വൃക്ക മാറ്റിവച്ചിരുന്നു. എന്നാല്‍ 2023ല്‍ വൃക്ക വീണ്ടും പ്രവര്‍ത്തനരഹിതമായി. ഡയാലിസിസ് ചെയ്താണ് പിന്നീട് ഇദ്ദേഹം ജീവിച്ചത്.
പന്നിയുടെ വൃക്ക സ്വീകരിക്കാന്‍ സമ്മതിച്ചത് തനിക്ക് വേണ്ടി മാത്രമല്ലെന്ന് സ്ലേമാന്‍ പറഞ്ഞു. അതിജീവിക്കാൻ ട്രാൻസ്പ്ലാൻറ് ആവശ്യമുള്ള ആയിരക്കണക്കിന് ആളുകൾക്ക് പ്രത്യാശ നൽകുന്നതിന് വേണ്ടിയാണ് താന്‍ ഇതിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പന്നിയിലെ വൃക്ക മസ്തിഷ്കമരണം സംഭവിച്ചവരിൽ വച്ചുപിടിപ്പിച്ചിരുന്നു. എന്നാല്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടത്തുന്നത്.
ജനിതകമാറ്റം വരുത്തിയ പന്നി ഹൃദയങ്ങൾ അടുത്തിടെ മേരിലാൻഡ് സർവകലാശാലയിൽ രണ്ട് രോഗികളിലേക്ക് മാറ്റിവച്ചിരുന്നെങ്കിലും, അവര്‍ രണ്ടുമാസങ്ങൾക്കുള്ളിൽ  മരിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed