ഹൃത്വിക് റോഷനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഫൈറ്റര്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. വ്യോമസേനയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ആക്ഷന്‍ ഡ്രാമ ചിത്രം ജനുവരി 25 നാണ് തിയറ്ററുകളിലെത്തിയത്. ദീപിക പദുകോണ്‍ നായികയായ ചിത്രത്തില്‍ അനില്‍ കപൂര്‍, കരണ്‍ സിംഗ് ഗ്രോവര്‍, അക്ഷയ് ഒബ്റോയ്, റിഷഭ് സാഹ്നി, സഞ്ജേന്ദ്ര ഷെയ്ഖ്, അശുതോഷ് റാണ, ഗീത അഗ്രവാള്‍, തലത് അസീസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ പഠാന്‍റെ വന്‍ വിജയത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഫൈറ്റര്‍. ചിത്രത്തിന്‍റെ ടീസര്‍, ട്രെയ്‍ലര്‍ അടക്കമുള്ള പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ ആ ഹൈപ്പ് ഉയര്‍ത്തി. എന്നാല്‍ തിയറ്ററുകളില്‍ ആ ആവേശം ചിത്രത്തിന് സൃഷ്ടിക്കാനായില്ല. വന്‍ ബജറ്റില്‍- ഏകദേശം 250 കോടിയോളം മുതല്‍മുടക്കില്‍ എത്തിയ ചിത്രം വലിയ പരാജയമായില്ലെങ്കിലും നിര്‍മ്മാതാവിന് ലാഭമൊന്നും ഉണ്ടാക്കാനായില്ല. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി നെറ്റും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ഗ്രോസുമാണ് ചിത്രത്തിന് നേടാനായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സച്ചിത് ഹൗലോസ് ആണ് ഛായാഗ്രാഹകന്‍. സിദ്ധാര്‍ഥ് ആനന്ദും റമണ്‍ ചിബും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥാരചന. തിരക്കഥ റമണ്‍ ചിബ്, സംഭാഷണം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, പ്രൊഡക്ഷന്‍ ഡിസൈനിംഗ് രജത് പൊഡ്ഡാര്‍, എഡിറ്റിംഗ് ആരിഫ് ഷെയ്ഖ്, വിഷ്വല്‍ എഫക്റ്റ്സ് സ്റ്റുഡിയോ റീഡിഫൈന്‍ ആന്‍‍ഡ് ഡിനെഗ്. വയാകോം 18 സ്റ്റുഡിയോസ്, മാര്‍ഫ്ലിക്സ് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മംമ്ത ആനന്ദ്, റമണ്‍ ചിബ്, അങ്കു പാണ്ഡെ, കെവിന്‍ വാസ്, അജിത്ത് അന്ധേരെ എന്നിവരാണ് ഫൈറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *