പത്തനംതിട്ട: അതിശക്തമായ ത്രികോണ പോരാട്ടചൂടിൽ തിളച്ചുമറിയുകയാണ് പത്തനംതിട്ട. മൂന്ന് മുന്നണികൾക്കും സ്വന്തം വോട്ടുബാങ്കും ശക്തമായ വേരോട്ടവുമുള്ള പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. പ്രാദേശിക വിഷയങ്ങൾ മുതൽ പുൽവാമ ആക്രമണം വരെ പ്രചാരണത്തിൽ വിഷയമാക്കുകയാണ് സ്ഥാനാർത്ഥികൾ.
കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന എ ക്ലാസ് മണ്ഡലങ്ങളിലൊന്നു കൂടിയാണ് പത്തനംതിട്ട. അതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കം വമ്പന്മാരെ രംഗത്തിറക്കി പ്രചാരണത്തിൽ സജീവമാണ് എൻഡിഎ. മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥികളും പ്രചാരണം കൊഴുപ്പിക്കുകയാണ്.
യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി മണ്ഡലത്തിലുടനീളം രണ്ടു ലാപ്പ് പര്യടനം പൂർത്തിയാക്കി കഴിഞ്ഞു. എൽഡിഎഫിനായി ഇറങ്ങുന്ന മുൻ ധനമന്ത്രി തോമസ് ഐസക്കും മണ്ഡലം നിറ‍‍ഞ്ഞ് പ്രചാരണത്തിലാണ്.

ആന്റോ ആന്റണിയുടെ രാഷ്ട്രീയ ഗുരു എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ രംഗത്തിറക്കിയാണ് എൻഡിഎയുടെ പുതിയ പരീക്ഷണം. അനിൽ ആന്റണി സ്ഥാനാർത്ഥിയായതോടെ കോൺഗ്രസിലെ ഒരു വിഭാഗം വോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

പ്രവാസികളേറെയുള്ള മണ്ഡലത്തിൽ ആ വഴിക്കുള്ള തന്ത്രപരമായ നീക്കങ്ങളാണ് ഇടതുമുന്നണി നടത്തുന്നത്. മൈഗ്രേഷൻ കോൺക്ലേവിന് പിന്നാലെ യുവാക്കൾക്ക് തൊഴിലുറപ്പിക്കുന്ന വിജ്ഞാന പത്തനംതിട്ട പദ്ധതിയും പുതിയ കൃഷിരീതികളെക്കുറിച്ചുള്ള ചർച്ചകളുമായി തോമസ് ഐസക്കിന്റെ മുഖാമുഖ പരിപാടി അരങ്ങേറുന്നു.
മണ്ഡലത്തിൽ ചെയ്ത പ്രവർത്തനങ്ങൾ വീട്ടുമുറ്റ സദസുകളിലൂടെ വോട്ടർമാരിലേക്ക് എത്തിക്കുകയാണ് ആന്റോ ആന്റണി. പ്രധാനമന്ത്രിയടക്കം വമ്പന്മാരെത്തുന്നതിന്റെ ആവേശത്തിലാണ് എൻഡിഎ പ്രവർത്തകർ. എൻഡിഎയുടെ സംസ്ഥാനതല പ്രചരണത്തിന് പത്തനംതിട്ടയിൽ തുടക്കമിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.
മൂന്ന് സ്ഥാനാർത്ഥികളും തികഞ്ഞ വിജയ പ്രതീക്ഷയിലാണുള്ളത്. മണ്ഡലത്തിൽ താൻ നടത്തിയ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് ആന്റോ ആന്റണി പറയുന്നത്. കേന്ദ്രഭരണം മാറണമെന്ന പൊതുവികാരം ഇത്തവണ ശക്തമാണ്. കോൺഗ്രസിന്റെ നേതൃത്വത്തിലുളള ഭരണമാണ് നല്ലതെന്ന ചിന്ത വോട്ടർമാർക്കുണ്ട്. ആളുകൾക്ക് ജീവിക്കാൻ പറ്റാത്ത വിധം എൽഡിഎഫ് സർക്കാർ നാടിനെ നശിപ്പിച്ചു.

മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിച്ചു. സ്വന്തമായി എഫ്.എം സ്റ്റേഷൻ സ്ഥാപിച്ചു. പാസ്പോർട്ട് സേവാ കേന്ദ്രം കൊണ്ടുവന്നു. തിരുവല്ല റെയിൽവേ സ്റ്റേഷന്റെ നവീകരണം പൂർത്തിയാകുന്നു. പഞ്ചായത്തുകൾക്കും ആശുപത്രികൾക്കുമായി 28 ആംബുലൻസുകൾ നൽകി. റബർകർഷകർ നേരിടുന്ന വിലത്തകർച്ചയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പാർലമെന്റിൽ സംസാരിച്ചു. കഴിഞ്ഞ തവണത്തേക്കാളും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുറപ്പാണെന്നും ആന്റോ ആന്റണി പറയുന്നു. 

തോമസും ഐസക്കും തികഞ്ഞ വിജയപ്രതീക്ഷയിലാണുള്ളത്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് ഇറക്കി ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നെന്ന് അദ്ദേഹം പറയുന്നു. കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ പാർലമെന്റിൽ ശക്തമായ ഇടതുപക്ഷ സാന്നിദ്ധ്യം വേണം.
ഒന്നാം യുപിഎ സർക്കാർ ഒട്ടേറെ ജനോപകാരപ്രദമായ നിയമനിർമ്മാണങ്ങൾ നടത്തി. രണ്ടാം യുപിഎ സർക്കാർ കോൺഗ്രസിനെ വീണ്ടും തിരിച്ചുവരാനാവാത്ത തകർച്ചയിലേക്ക് തള്ളിവിട്ടു. ബിജെപിക്കെതിരായ ബദലിന് ജനങ്ങൾക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെയാണ്.

അക്കാദമിക വിദഗ്ദ്ധരുടെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസത്തെ ഉയർത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും. റബർ കർഷകരുടെ പ്രശ്നങ്ങളും വന്യമൃഗ ശല്യവും പരിഹരിക്കും- ഇതൊക്കെയാണ് ഐസകിന്റെ ഉറപ്പുകൾ.

മോഡിയുടെ ഗ്യാരന്റി ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞതായി അനിൽ ആന്റണി പറയുന്നു. സൗജന്യ ഗ്യാസ് കണക്ഷൻ, ജൽജീവൻ പദ്ധതി, മുദ്രലോൺ, വീടുകൾ, ശൗചാലയങ്ങൾ തുടങ്ങിയവ നൽകി അടസ്ഥാന മേഖലയിൽ പുരോഗമനപരമായ മാറ്റം വരുത്തി. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മോദി ഇന്ത്യയെ വളർത്തിയെടുത്തു. നാൽപ്പത് ലക്ഷത്തോളം പേർക്ക് സ്റ്റാർട്ടപ്പിലൂടെ തൊഴിൽ ലഭിച്ചു. യുവത്വത്തെ മോദി നാടിന്റെ മുന്നേറ്റത്തിന്റെയും വികസനത്തിന്റെയും ഭാഗമാക്കി.

 കേരളത്തിലെ കർഷകർ ദുരിതത്തിലാണ്. വിളകൾക്ക് വിലയില്ല. വന്യമൃഗശല്യം രൂക്ഷമാണ്.  പതിനഞ്ചു വർഷം പത്തനംതിട്ട എം.പിയായിരുന്നയാൾ എന്തു ചെയ്യുകയായിരുന്നു. ഇപ്പോൾ അദ്ദേഹം പാക്കിസ്ഥാനെ ന്യായീകരിച്ച് സംസസാരിക്കുന്നു. മോദിയുടെ വികസന കാഴ്ചപ്പാടിനൊപ്പം ഇത്തവണ പത്തനംതിട്ടയും ഉണ്ടാകുമെന്ന് ഉറപ്പാണ് – ഇതാണ് അനിൽ ആന്റണിയുടെ വാക്കുകൾ.

എന്തായാലും ഇനിയുള്ള ദിവസങ്ങളിൽ പത്തനംതിട്ടയിൽ ത്രികോണപ്പോരിന് ശക്തിയേറുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രിയടക്കം വമ്പന്മാർ പ്രചാരണത്തിന് പത്തനംതിട്ടയിൽ എത്തും. രാഷ്ട്രീയ അടിയൊഴുക്കുകളും ഏറെയുണ്ടാവുന്ന മണ്ഡലമാണ് പത്തനംതിട്ട.
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാവുമെന്ന് ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ ഇതിനെ കോൺഗ്രസ് എതിർക്കുകയാണ്. രണ്ട് മുന്നണികളെയും മലർത്തിയടിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും സ്ഥാനാർത്ഥി അനിൽ ആന്റണിയും. വികസനവും കരുതലും ദേശീയ വിഷയങ്ങളും രാജ്യസ്നേഹവും ക‌ർഷക രക്ഷയുമെല്ലാം അജൻഡയാവുന്ന മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് തീപാറുമെന്ന് ഉറപ്പാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *