തൃശൂർ: ത്രികോണ മത്സരത്തിൻ്റെ യഥാർത്ഥ ചൂട് നേരിട്ട് പ്രകടമാകുന്ന ശക്തൻതമ്പുരാൻ്റെ തട്ടകത്തിലെ വിവാദ പോരിന് ശമനമില്ല. വിവാദങ്ങൾ ഓരോന്നും കടന്ന് പുതിയൊരു വിവാദം എന്ന മട്ടിലാണ് പൂര നഗരി ഉൾപെടുന്ന മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടത്തിൻെറ ഗതി.
പ്രമുഖരുടെ പിന്തുണ ഉറപ്പിക്കാനുളള ശ്രമത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി അകപ്പെട്ട വിവാദത്തിൽ സംഭവിച്ചിരിക്കുന്ന പുതിയ ട്വിസ്റ്റാണ് തൃശൂരിലെ പുതിയ ഐറ്റം. കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ പിന്തുണ നേടാൻ ശ്രമിച്ചെന്ന ആരോപണം ആയിരുന്നു സുരേഷ് ഗോപിയെ വിവാദത്തിലാക്കിയതെങ്കിൽ അതേ ഗോപിയാശാൻ തന്നെ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി ആളിക്കത്തിയ വിവാദത്തിൽ വെളളം ഒഴിച്ചിരിക്കുകയാണ്.
താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്നാണ് കലാമണ്ഡലം ഗോപിയുടെ ഫേസ് ബുക്കിലൂടെയുളള പുതിയ അഭ്യർത്ഥന. എന്നാൽ ഒരു വിവാദം തണുക്കുമ്പോൾ അതിൽ നിന്നുതന്നെ പുതിയ വിവാദം നാമ്പിടുന്നതാണ് തൃശൂരിലെ അനുഭവം എന്നതിനാൽ ഗോപിയാശാന്റെ ആഗ്രഹം പോലെ വിവാദം അവസാനിക്കുമോ എന്ന് കണ്ട് തന്നെ അറിയണം.
സുരേഷ് ഗോപിക്ക് പ്രയാസം ഉണ്ടാക്കുന്ന ഒന്നും ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിവാദം അവസാനിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി അഭ്യർത്ഥിച്ചിരിക്കുന്നത്.
“വിവാദം അവസാനിപ്പിക്കണം,സുരേഷ് ഗോപിക്ക് പ്രയാസമുണ്ടാക്കുന്ന ഒന്നും ഉണ്ടാവില്ല.പത്മഭൂഷൺ പരാമർശമാണ് മകനെ വേദനിപ്പിച്ചത്. സുരേഷ് ഗോപിക്ക് വീട്ടിലേക്ക് സ്വാഗതം. ഡോക്ടറുടെ സംസാരം സുരേഷ് ഗോപിക്ക് ക്ഷീണമുണ്ടാക്കും. സുരേഷ് ഗോപിയുമായി വർഷങ്ങൾ നീണ്ട ബന്ധം. തൻ്റെ നിർദ്ദേശപ്രകാരമാണ് ഫേസ് ബുക്ക് പോസ്റ്റ് മകൻ ഡിലിറ്റ് ചെയ്തത്. സുരേഷ് ഗോപി കലാകാരനാണ്.കലാകാരൻമാർ തമ്മിൽ അടുത്ത ബന്ധം. ഡോക്ടറുടെ പരാമർശങ്ങൾ സുരേഷ് ഗോപിക്ക് അപമാനമായി.സുരേഷ് ഗോപിയെ ചിലർ തെറ്റിദ്ധരിപ്പിച്ചു. മുൻപും സുരേഷ് ഗോപി വീട്ടിൽ വന്നിട്ടുണ്ട്. സുരേഷ്ഗോപിക്ക് വെറുപ്പുണ്ടാക്കുന്ന ഒന്നും ഉണ്ടാവില്ല” കലാമണ്ഡലം ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതോടെയാണ് സുരേഷ് ഗോപി തിരഞ്ഞെടുപ്പ് കാലത്ത് പുതിയൊരു വിവാദത്തിൽ കൂടി നായകനായത്. സുരേഷ് ഗോപിക്ക് വേണ്ടി പ്രമുഖരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നായിരുന്ന ഗോപി ആശാൻെറ മകൻെറ എഫ്ബി പോസ്റ്റ്.
സുരേഷ് ഗോപി വരുന്നുണ്ട്, അദ്ദേഹത്തെ അനുഗ്രഹിക്കണമെന്ന് ഗോപിയാശാനെ ചികിത്സിക്കുന്ന ഡോക്ടർ ശുപാർശ ചെയ്തെന്നായിരുന്നു മകൻ രഘു ഗുരുകൃപയുടെ കുറിപ്പ്. വരണ്ട എന്നു പറഞ്ഞപ്പോൾ ആശാന് പത്മഭൂഷൺ കിട്ടേണ്ടേ എന്ന് ചോദിച്ചതായും മകൻ കുറിപ്പിൽ പറഞ്ഞിരുന്നു.
ആ ഗോപിയല്ല, ഈ ഗോപി എന്നു മാത്രം മനസ്സിലാക്കണമെന്ന് കൂടി പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ് അവസാനിപ്പിച്ചത്. ഇതോടെ വിവാദം കൊട്ടിക്കയറി. കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നത് മണ്ഡലത്തിൽ വൻ ചർച്ചയായി മാറി.
കുറിപ്പ് വിവാദമായതോടെ രഘു ഗുരുകൃപ പോസ്റ്റ് പിൻവലിച്ചെങ്കിലും തുടർ പ്രതികരണങ്ങളുമായി വിവാദം തുടർന്നു. വിവാദം തണുപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങിയ സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താനോ ബിജെപിയോ ആരെയും ഏൽപ്പിച്ചിട്ടില്ല, ഗോപിയാശാൻെറ ഡോക്ടർ പറഞ്ഞതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.
കലാമണ്ഡലം ഗോപിയുടെ ഡോക്യുമെൻ്ററി പ്രകാശനം ചെയ്തത് താനാണെന്ന് പറഞ്ഞ സുരേഷ് ഗോപി, അദ്ദേഹവുമായുള്ള അടുത്ത ബന്ധവും അനുസ്മരിച്ചിരുന്നു. സുരേഷ് ഗോപിയോട് വീട്ടിലേക്ക് വരേണ്ടന്ന് പറഞ്ഞങ്കിലും ആലത്തൂരിലെ ഇടത് മുന്നണി സ്ഥാനാർഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന ഗോപി ആശാൻ്റെ വീഡിയോ പുറത്ത് വന്നിരുന്നു.
ഇതും സുരേഷ് ഗോപിക്കെതിരായി ഉപയോഗിക്കപ്പെട്ടു. എന്തായാലും വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് കലാമണ്ഡലം ഗോപി തന്നെ പോസ്റ്റിട്ടത് സുരേഷ് ഗോപിക്ക് ആശ്വാസമായി