ന്യൂഡല്‍ഹി: സിപിഎമ്മിന്റെ ദേവികുളത്തെ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറുടെ ഡൽഹിയിലെ വസതയിലെത്തി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. രാജേന്ദ്രൻ ഡൽഹിയിൽ തന്നെ തുടരുകയാണ്.
പ്രകാശ് ജാവദേക്കറുടെ വസതിയിലെത്തിയാണ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്.ഇന്ന് ഉച്ചക്കുശേഷമാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ നേതാക്കളും കൂടെയുണ്ടായിരുന്നു. എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
രണ്ട് ദിവസം മുമ്പ് എംഎം മണിയടക്കമുള്ള സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം എസ് രാജേന്ദ്രൻ ദേവികുളത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ പങ്കെടുത്തിരുന്നു. അതോടെ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായി അവസാനമുണ്ടായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ച് രാജേന്ദ്രനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയിരുന്നില്ല.
അതേസമയം, എസ് രാജേന്ദ്രൻ താനുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപിയില്‍ ചേരുന്ന കാര്യം സംബന്ധിച്ചല്ലെന്നും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനെന്നുമാണ് പ്രകാശ് ജാവദേക്കര്‍ പറയുന്നത്.