ബ്രിട്ടൻ: ബ്രിട്ടനിൽ ഇനി ഗ്യാസ് ബില്ലുകൾ സാമാന്യം നല്ല രീതിയിൽ കൈപൊള്ളിക്കും എന്നാണ് സൂചനകൾ. ഗ്യാസ് ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകള്‍ രാജ്യത്ത് സ്ഥാപിക്കുന്നത്തിനുള്ള ഒരുക്കങ്ങളുമായി ഗവണ്മെന്റ് മുന്നോട്ടുപോവുകയാണ്.
ഇതിന്റെ പ്രത്യാഘാതമാണ് കൂടിയ എനര്‍ജി ബില്ലുകളുടെ രൂപത്തിൽ ജനങ്ങളുടെ മേൽ പ്രതിഫലിക്കുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഗ്യാസ് ബില്‍ ഇനത്തില്‍ നൂറുകണക്കിന് പൗണ്ടിന്റെ അധികം ചെലവ് വരുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്.
ഓറോറാ എനര്‍ജി റിസര്‍ച്ച് നൽകുന്ന കണക്കനുസരിച്ചു £200 – ൽ അധികം തുക ഗ്യാസ് ബിൽ ഇനത്തിൽ ജനങ്ങള്‍ അധികമായി വഹിക്കേണ്ടി വരും. പവര്‍ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനായി വരുന്ന ചെലവുകളാണ് ഇത്തരത്തിൽ സ്വരൂപിക്കാൻ ഒരുങ്ങുന്നത്. 2035 – ല്‍ കാര്‍ബണ്‍ വികിരണം അഞ്ചില്‍ നാലായി കുറയ്ക്കാനുള്ള ലക്ഷ്യം നേടാന്‍ പ്ലാന്റുകള്‍ ഇത്തരത്തിലുള്ള ആവശ്യമാണെന്ന് പ്രധാനമന്ത്രി റിഷി സുനാക് വ്യക്തമാക്കി.
യു കെയിൽ അധികമായി ഉപയോഗിച്ചുവരുന്ന, കാലാവസ്ഥയെ ആശ്രയിച്ചുള്ള വൈദ്യുതി ഗ്രിഡില്‍ തുടര്‍ന്നാല്‍ കാറ്റ് വീശാത്തപ്പോഴും, സൂര്യന് ജ്വലിക്കാത്തപ്പോഴും ഊര്‍ജ്ജത്തിന് മറ്റ് വഴികള്‍ തേടേണ്ടി വരുമെന്ന് എനര്‍ജി സെക്രട്ടറി ക്ലെയര്‍ കൗടിനോ പറഞ്ഞു. ഇതിന് പിന്തുണ നല്കാന് ഗ്യാസ് ഉപയോഗിച്ചില്ലെങ്കില്‍ പവർകട്ടിനെ അഭിമുഖീകരിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പും കൗടിനോ നൽകി.
20 മില്ല്യണ്‍ വീടുകള്‍ക്ക് വൈദ്യുതി നല്കാന് ആവശ്യമായ 27 GW വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ശേഷിയുള്ള 32 ഗ്യാസ് പവര്‍ സ്റ്റേഷനുകളാണ് ബ്രിട്ടനിൽ ഇപ്പോഴുള്ളത്.
എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടെ ഉണ്ടായ ഊർജ്ജ നയങ്ങളിലെ അനിശ്ചിതാവസ്ഥ മൂലം പുതിയവ നിര്‍മ്മിക്കപ്പെട്ടില്ല. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടെ പകുതിയിലേറെ പ്ലാന്റുകൾ അടച്ച് പൂട്ടേണ്ടതായും വരും.
ഇതോടെ വൈദ്യുതി ഉത്പാദനത്തിന്റെ അളവ് ക്രാമതീതമായി കുറയും. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ചെലവേറിയ പുതിയ സ്റ്റേഷനുകള്‍ അനിവാര്യമായി മാറുന്നത്. ഏതായാലും ഉയർന്ന നികുതിയോടൊപ്പം ബിൽകളിലെ വർദ്ധനവ് രാജ്യത്തെ നല്ലൊരു ശതമാനം ജനതയുടെയും നടുവൊടിക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.