കാലിഫോർണിയ: സിലിക്കൺ വാലിയിലെ പ്രമുഖരായ ഏതാനും ഇന്ത്യൻ അമേരിക്കൻ പൗരന്മാർ എഫ് ബി ഐ, ഡി ഓ ജെ ഉന്നത ഉദ്യോഗസ്ഥന്മാരും പോലീസുമായി നടത്തിയ കൂടിക്കാഴ്ചയിൽ അമേരിക്കൻ മണ്ണ് ഭീകര പ്രവർത്തനത്തിനായി ചിലർ ഉപയോഗിക്കുന്നു എന്ന പരാതി ഉയർന്നു. യുഎസ് നിയമപാലകർ ഫലപ്രദമായ നടപടി എടുക്കുന്നില്ലെന്നു ഇന്ത്യൻ അമേരിക്കൻ പൗരന്മാർ പരാതിപ്പെട്ടു.
കാലിഫോർണിയയിൽ ഹിന്ദുക്കൾക്കും ജൈനർക്കും എതിരെ വിദ്വേഷ കുറ്റങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് സമുദായ നേതാവ് അജയ് ജൈൻ ഭുട്ടോറിയ യോഗത്തിനു മുൻകൈയെടുത്തത്.
ഡി ഓ ജെയുടെ കമ്മ്യൂണിറ്റി റിലേഷൻസ് വകുപ്പിൽ നിന്നു വിൻസെന്റ് പ്ലയർ, ഹർപ്രീത് സിംഗ് മോഖ എന്നിവരും എഫ് ബി ഐ ഉദ്യോഗസ്ഥരും സാൻ ഫ്രാൻസിസ്‌കോ, മിൽപിതാസ്, ഫ്രീമണ്ട്, നുവാര്ക് എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. ഇന്ത്യൻ അമേരിക്കൻ പൗരന്മാർക്ക് എതിരെ, പ്രത്യേകിച്ച് ഹിന്ദുക്കൾക്കെതിരെ, നടക്കുന്ന അതിക്രമങ്ങൾ അനുദിനം വർധിച്ചു വരുന്നു എണ്ണത്തിലുള്ള ആശങ്ക അവർ കേട്ടു.
ഖാലിസ്ഥാൻ തീവ്രവാദികൾ സ്കൂളുകൾക്കും ഗ്രോസറികൾക്കും മറ്റും മുൻപിൽ ട്രക്കുകൾ നിർത്തിയിട്ടു യുവ ഇന്ത്യൻ അമേരിക്കൻ പൗരന്മാരെ ഭയപ്പെടുത്താൻ നോക്കുന്നു. എന്നാൽ നിയമപാലകർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസലേറ്റിനു തീവയ്ക്കുമെന്നു ഭീഷണി മുഴക്കിയ ഇക്കൂട്ടർ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അക്രമിക്കുമെന്നു പറഞ്ഞിട്ടുമുണ്ട്. ഇന്ത്യയിൽ ഭീകരാക്രമണത്തിന് അവർ പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്.
ഭുട്ടോറിയ പറഞ്ഞു: “ഹിന്ദു ക്ഷേത്രങ്ങളെ ലക്‌ഷ്യം വച്ചുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്നത് ഞങ്ങൾ ശ്രദ്ധയിൽ പെടുത്തി. ബേ ഏരിയയിൽ മാത്രം കഴിഞ്ഞ നാല് മാസത്തിനിടയിൽ 11 ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു. അവിടെ കവർച്ച നടത്തുകയും വിദ്വേഷ ചുവരെഴുത്തു നടത്തി മലിനമാക്കുകയും ചെയ്തു.
“ഞങ്ങളുടെ സമുദായത്തിൽ ഭീതി ഉണ്ട്. എന്നാൽ വെല്ലുവിളി നേരിടാനുള്ള ഞങ്ങളുടെ കൂട്ടായ തീരുമാനത്തിൽ ഇളക്കമില്ല.”
സിഖ് നേതാവ് സുഖി ചഹാൽ പറഞ്ഞു: “ഞങ്ങളുടെ ആരാധനാലയങ്ങൾ വിദ്വേഷത്തിൽ നിന്നു കാത്തു സൂക്ഷിക്കാൻ ഞങ്ങൾ ഉറച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഹിന്ദു ക്ഷേത്രങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന സിഖ്‌സ് ഫോർ ജസ്റ്റിസ് തുടങ്ങിയ ഗ്രൂപ്പുകളിൽ നിന്ന്. സ്കൂളുകൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും മുന്നിൽ വിദ്വേഷ ബാനറുകൾ ഉയർത്തുന്നത് ഞങ്ങൾ എതിർക്കും.
“ഡി ഓ ജെയുടെ സഹകരണത്തോടെ ഒരു ആരാധനാലയ സംരക്ഷണ സമിതി രൂപീകരിക്കാൻ ഞങ്ങൾ നിർേദശിച്ചു.” ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായി.
എസ് എഫ് ജെ നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിന്റെ പ്രകോപനപരമായ വിഡിയോകൾ അനുവദിക്കരുതെന്നു താൻ ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
പോലീസിന്റെ സഹായം വേണ്ടത്ര ലഭിക്കുന്നില്ലെന്ന പരാതി ഉണ്ടായി. ഖാലിസ്ഥാൻ വിഷയം വേണ്ടത്ര അറിയില്ലെന്നു പോലീസ് സമ്മതിച്ചു. എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വയ്ക്കുമെന്ന പന്നുവിന്റെ ഭീഷണി ഹിന്ദു നേതാക്കൾ ചൂണ്ടിക്കാട്ടി. എഫ് ബി ഐ നിഷ്പക്ഷത അവലംബിച്ചു ഖാലിസ്ഥാനികളെ സഹായിക്കയാണെന്നും അവർ ആരോപിച്ചു.