ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്ട്രീയത്തിലെ കള്ളപ്പണത്തിന്റെ മേധാവിത്വം അവസാനിപ്പിക്കാനാണ് ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നതെന്ന് സുപ്രിംകോടതി വിധിയോട് പ്രതികരിച്ച് അമിത് ഷാ പറഞ്ഞു. ബോണ്ട് റദ്ദാക്കുന്നതിനു പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇന്ത്യ ടുഡേ’ കോൺക്ലേവിലാണ് അമിത് ഷായുടെ പ്രതികരണം. ”സുപ്രിംകോടതി വിധിയെ എല്ലാവരും മാനിക്കേണ്ടതുണ്ട്. ഞാനും പൂർണമായി അതിനെ ആദരിക്കുന്നു. എന്നാൽ, ഇലക്ടറൽ ബോണ്ടിനെ പൂർണമായി എടുത്തുകളയുന്നതിനു പകരം അതിനെ മെച്ചപ്പെടുത്താനുള്ള നടപടികളായിരുന്നു ഉണ്ടാകേണ്ടിയിരുന്നതെന്നാണ് എനിക്കു തോന്നുന്നത്.”-അദ്ദേഹം സൂചിപ്പിച്ചു.
കള്ളപ്പണം തിരികെ എത്തുമോ എന്ന് ഭയപ്പെടുന്നുണ്ടെന്നും എന്നാൽ അഭിപ്രായം വ്യക്തിപരമാണെന്നും അമിത് ഷാ പറഞ്ഞു. ആകെ 20,000 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടിൽ ബി.ജെ.പിക്ക് 6,000 കോടിയുടെ അടുത്താണ് ലഭിച്ചത്. ബാക്കിയെല്ലാം എങ്ങോട്ടു പോയി? തൃണമൂൽ കോൺഗ്രസിന് 1,600ഉം കോൺഗ്രസിന് 1,400ഉം ബി.ആർ.എസിന് 1,200ഉം ബി.ജെ.ഡിക്ക് 750ഉം ഡി.എം.കെയ്ക്ക് 639ഉം കോടികൾ ലഭിച്ചു. 303 എം.പിമാരുണ്ടായിട്ട് ഞങ്ങൾക്ക് കിട്ടിയത് 6,000 കോടിയാണ്. ബാക്കി 14,000 കോടി രൂപയും 242 എം.പിമാർക്കാണു ലഭിച്ചത്. പിന്നെ എന്തിനാണ് ഈ ബഹളവും കരച്ചിലുമെന്നും അമിത് ഷാ ചോദിച്ചു.