തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന മുന്നണി കൺവീനർ ഇ.പി.ജയരാജൻെറ പ്രസ്താവനകളെ തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയെന്ന് എം.വി.ഗോവിന്ദൻ പാർട്ടി ആസ്ഥാനത്ത് നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ എം.വി.ഗോവിന്ദൻ , ബി.ജെ.പി അനുകൂല പ്രസ്താവനയെന്ന് വിമർശിക്കപ്പെട്ട ഇ.പി.ജയരാജൻെറ പ്രതികരണങ്ങൾക്കൊപ്പം പാർട്ടിയില്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാ വിധം പറഞ്ഞുവെച്ചു.
കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇപി ജയരാജന്റെ പ്രസ്താവനയെന്ന ദുർബലമായ ന്യായീകരണം മാത്രമാണ് എം.വി.ഗോവിന്ദനിൽ നിന്നുണ്ടായത്. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറുമായുളള ബന്ധമാണ് ഇ.പിയുടെ ബി.ജെ.പി അനുകൂല പ്രസ്താവനകൾക്ക് പിന്നിലെന്ന ആരോപണത്തെ പ്രതിരോധിക്കാനും എം.വി.ഗോവിന്ദൻ കൂട്ടാക്കാഞ്ഞതും ശ്രദ്ധേയമായി.
രാജീവ് ചന്ദ്രശേഖറും ഇ.പിയും തമ്മിലുളള ബിസിനസ് ബന്ധത്തെ കുറിച്ചുളള ചെന്നിത്തലയുടെ ആരോപണം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അത്തരം ആരോപണങ്ങൾ പാർട്ടി ഏറ്റുപിടിക്കേണ്ടതില്ല എന്നായിരുന്നു എം.വി.ഗോവിന്ദൻെറ മറുപടി.
വ്യക്തിപരമായ ആരോപണങ്ങൾക്ക് ഇ.പി തന്നെ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുന്നണി കൺവീനറും പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജൻെറ ബി.ജെ.പി അനുകൂല പ്രസ്താവനകളിൽ സി.പി.എം നേതൃത്വത്തിനുളള അതൃപ്തിയാണ് എം.വി.ഗോവിന്ദൻെറ പ്രതികരണത്തിലൂടെ പുറത്തുവന്നത്. ഇക്കാര്യത്തിൽ സി.പി.എമ്മിലും മുന്നണിയിലും അമർഷം പുകയുന്നതായി ‘സത്യം ഓൺലൈൻ’ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.