തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് കുടിശികയായി കിടക്കുന്ന  രണ്ട് ഗഡു സാമൂഹ്യക്ഷേമ പെൻഷൻ കൂടി പ്രഖ്യാപിച്ച് സർക്കാരിൻെറ സർജിക്കൽ സ്ട്രൈക്ക്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ആറ് മാസത്തെ കുടിശികയിൽ രണ്ട് ഗഡുകൂടി നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ ഇത്തരം പ്രഖ്യാപനങ്ങൾ നടത്താൻ സർക്കാരിനാകില്ല. അതുകൊണ്ടാണ് ഏപ്രിൽ മാസത്തിൽ വിഷുവിന് മുൻപ് രണ്ട് ഗ‍‍‍‍ഡു പെൻഷൻ വിതരണം ചെയ്യുമെന്ന് കാലേകൂട്ടി പ്രഖ്യാപിച്ചത്.

പെരുമാറ്റച്ചട്ടം വന്നാൽ വിഷുക്കാലത്ത് പ്രഖ്യാപിക്കാനാകില്ലെന്ന്  മാത്രമല്ല, ഇപ്പോൾ തന്നെ പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയുധമാക്കാമെന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്.

 ഏപിലിൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിനാൽ പെൻഷൻ കുടിശിക തീർക്കാൻ പൊതു വിപണയിൽ നിന്ന് വായ്പ എടുക്കുന്നതിന് സർക്കാരിന് തടസമില്ല. സാമ്പത്തിക വർഷത്തിൻെറ തുടക്കത്തിൽ തന്നെ അനുവദിനീയമായ തുകയുടെ ഭൂരിഭാഗവും കടമെടുക്കാൻ സർക്കാരിന് തടസമില്ല.പബ്ലിക് ഫിനാൻസിൽ ‘ഏർലി ലിഫ്റ്റിങ്ങ് ‘ എന്നുവിളിക്കുന്ന സാമ്പത്തിക വർഷത്തിൻെറ തുടക്കത്തിലെയുളള കടമെടുപ്പ്, പണഞെരുക്കമുളള എല്ലാ സംസ്ഥാനങ്ങളും അവലംബിക്കുന്ന രീതിയാണ്.
 അടുത്ത സാമ്പത്തിക വർഷം 31000 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്‌ കടം എടുക്കാനാവുക. അതിൽ ആദ്യ 9 മാസം എടുക്കാവുന്ന തുക കേന്ദ്രസർക്കാർ അറിയിക്കും.ഇതിൻെറ ഭൂരിഭാഗവും എടുത്താൽ പെൻഷൻ കുടിശികയും മറ്റ് അടിയന്തര ചെലവുകളും നടത്താം. ഈ ആത്മവിശ്വാസത്തിലാണ് വിഷുവിന് മുൻപ് രണ്ട് മാസത്തെ പെൻഷൻ കൂടി നൽകുമെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൻെറ തൊട്ടുതലേന്ന് ചാടിക്കയറി പ്രഖ്യാപിച്ചത്. ഇത് പ്രചരണായുധം ആക്കുക വഴി ഭരണവിരുദ്ധ വികാരം കുറയ്ക്കാമെന്നും പ്രചരണത്തിന് ഇറങ്ങുന്ന ഇടത് മുന്നണി പ്രവർത്തകരുടെ ഊർജം വർദ്ധിപ്പിക്കാമെന്നുമാണ് സർക്കാരിൻെറ പ്രതീക്ഷ.
ലോകസഭാ തിരഞ്ഞെടുപ്പിന് ഇടത് സ്ഥാനാർത്ഥിക്ക് വോട്ട് ചോദിച്ച് പോകുമ്പോൾ പ്രവർത്തകർ നേരിടുന്ന പ്രധാന ചോദ്യം സാമൂഹ്യക്ഷേമ പെൻഷൻ നൽകാത്തതും മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങൾ ലഭിക്കാത്തതുമായിരുന്നു. കുടുംബ യോഗങ്ങളിൽ പങ്കെടുക്കുന്ന ഇടത് സ്ഥാനാർത്ഥികളും ഇതേ പ്രശ്നം നേരിടുന്നുണ്ട്. ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പെൻഷൻ കുടിശിക രണ്ട് ഗ‍ഡു എങ്കിലും തിരഞ്ഞെടുപ്പിന് മുൻപ് വിതരണം ചെയ്യണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ വർഷാന്ത്യ ചെലവുകൾക്ക് പണമില്ലാതെ വിഷമിക്കുന്ന സർ‍ക്കാരിന് ഒരു ഗഡുമാത്രമേ വിതരണം ചെയ്യാനായുളളു. ഈമാസത്തേത് അടക്കം ഏഴ് മാസം കുടിശിക ആയിരുന്ന പെൻഷൻെറ ഒരു ഗഡു ഇന്ന് മുതൽ വിതരണം തുടങ്ങിയിട്ടേയുളളു. ചൊവ്വാഴ്ച പൊതുവിപണിയിൽ നിന്ന് കടം എടുത്ത 5000 കോടിയിൽ നിന്ന് 900 കോടി നീക്കിവെച്ചാണ് ഒരു ഗഡു പെൻഷൻ ഇപ്പോൾ നൽകുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുതലേന്ന് പ്രഖ്യാപിച്ചിരിക്കുന്ന രണ്ട് ഗഡു കുടിശികയ്ക്ക് ഇപ്പോൾ പണം കണ്ടെത്തേണ്ടതില്ല. ഏപിൽ മാസത്തിൻെറ രണ്ടാം വാരം പണം സമാഹരിച്ചാൽ മതി. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ  പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള തന്ത്രം മാത്രമാണ്.
സെപ്റ്റംബർ മുതലുളള സാമൂഹ്യ ക്ഷേമപെൻഷനാണ് കുടിശിക ആയിരുന്നത്. വെളളിയാഴ്ച ഒരു ഗഡു വിതരണം തുടങ്ങിയതോടെ അത് ആറ് മാസമായി കുറഞ്ഞു.അതിലെ രണ്ട് ഗഡുവാണ് വിഷുവിന് മുൻപ് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 52 ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് വിവിധയിനങ്ങളിലുളള സാമൂഹ്യ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നത്. ഒരുമാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 900 കോടിയോളം രൂപ വേണം. ക്ഷേമ പെൻഷനുകളിൽ വികലാംഗ, വിധവാ പെൻഷനുകൾക്ക് പരമാവധി 300 രൂപ കേന്ദ്ര വിഹിതമുണ്ട്. കേന്ദ്രവിഹിതവും കുടിശികയാണെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.                                                         

By admin

Leave a Reply

Your email address will not be published. Required fields are marked *